ദില്ലി: ദില്ലി ലക്ഷ്മി നഗർ എംഎൽഎ അഭയ് വർമയുടെ മാർച്ചിൽ പ്രകോപന മുദ്രാവാക്യം. ജനങ്ങള്‍ക്ക് നേരെ 'ഗോലി മാരോ' (വെടിവെക്കൂ) മുദ്രാവാക്യമാണ്  മാർച്ചിൽ ഉയർന്നത്.  150 തോളം അനുയായികളുമായി ലക്ഷ്മിനഗറിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ മാര്‍ച്ചിനിടെയാണ് എംഎല്‍എ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സ‌ഞ്ജയ് സിംഗാണ് ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ദില്ലി വർഗീയകലാപത്തിൽ മരണം 18 ആയി; ഗോകുൽപുരിയിൽ വീണ്ടും സംഘർഷം

എന്നാല്‍ അഭയ് വര്‍മ്മ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. മുദ്രാവാക്യം വിളിച്ചില്ലെന്നും പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. 'പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങള്‍ കടകള്‍ തുറക്കുന്നില്ല. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് അനുയായികള്‍ക്കൊപ്പം അവിടെ സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എംഎല്‍എ പ്രതികരിച്ചിച്ചത്. അതേ സമയം അക്രമം ആസൂത്രിതമെന്ന് കരുതുന്നില്ലെന്ന‌ാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍. നേരത്തെ അക്രമം ആസൂത്രിതമെന്ന് ആഭ്യന്തരസഹമന്ത്രി കിഷൻ റെഡ്ഢി പറഞ്ഞിരുന്നു.

"

അതേസമയം സംഘർഷം, വർഗീയകലാപമായി മാറിയ ദില്ലിയിൽ മരണസംഖ്യ 18 ആയി. 56 പൊലീസുകാർ ഉൾപ്പടെ ഇരുന്നൂറ്റിയമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ  പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.  പ്രദേശത്ത് നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിച്ചു. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ നിരോധനാജ്ഞ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് പകർത്തിയ വെടിയേറ്റ ആ കുട്ടിയുടെ ദൃശ്യങ്ങൾ ഇന്ന് സുപ്രീംകോടതിയിൽ