'ഇക്കാര്യങ്ങള്‍ പെണ്‍ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കുന്നു'; ദലിത് യുവാവിനെ വിവാഹം കഴിച്ച സാക്ഷി മിശ്രക്കെതിരെ ബിജെപി എംഎല്‍എ

By Web TeamFirst Published Jul 15, 2019, 6:04 PM IST
Highlights

'ഇത് രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തെ സാരമായി ബാധിക്കുന്നു. മൂന്ന് വര്‍ഷത്തെ ഏത് സര്‍വ്വേ വിലയിരുത്തിയാലും ഈ കണക്കുകള്‍ പ്രകടമാണ്'.

ലഖ്നൗ: പിതാവിന്‍റെ  എതിര്‍പ്പിനെ മറികടന്ന് ദലിത് യുവാവിനെ വിവാഹം കഴിച്ച ബിജെപി എംഎല്‍എയുടെ മകള്‍  സാക്ഷി മിശ്രയെ രൂക്ഷമായി വിമര്‍ശിച്ച് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ഗോപാല്‍ ഭാര്‍ഗവ. സാക്ഷിയെപ്പോലുള്ളവരാണ് രാജ്യത്ത് പെണ്‍ഭ്രൂണഹത്യ നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു ഗോപാല്‍ ഭാര്‍ഗവയുടെ വിവാദ പരാമര്‍ശം. 

ട്വിറ്ററിലൂടെയാണ് ബിജെപി എം എല്‍എയും പാര്‍ട്ടിയുടെ മധ്യപ്രദേശില്‍ നിന്നുള്ള പ്രമുഖ നേതാവുമായ ഗോപാല്‍ സിങ് ഭാര്‍ഗവ വിഷയത്തില്‍ പ്രതികരണം നടത്തിയത്. 'ഇത്തരം സംഭവങ്ങളാണ് രാജ്യത്ത് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. ഇത് രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തെ സാരമായി ബാധിക്കുന്നു. മൂന്ന് വര്‍ഷത്തെ ഏത് സര്‍വ്വേ വിലയിരുത്തിയാലും ഈ കണക്കുകള്‍ പ്രകടമാണ്. ഇതോടെ നിയമാനുസൃതമല്ലാത്ത ഭ്രൂണഹത്യാനിരക്ക് രാജ്യത്ത് നാലുമടങ്ങായി വര്‍ധിച്ചു'- ഗോപാല്‍ ഭാര്‍ഗവ ട്വിറ്ററില്‍ കുറിച്ചു. 

ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പുര്‍ എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര ദലിത് യുവാവായ അജിതേഷ് കുമാറിനെ പിതാവിന്‍റെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹം കഴിക്കുകയായിരുന്നു. ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പിതാവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് നേരത്തെ സാക്ഷി ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണം തേടി ഹെെക്കോടതിയെ സമീപിക്കാന്‍ എത്തിയപ്പോള്‍ സാക്ഷിയെയും ഭര്‍ത്താവിനെയും  കോടതി വളപ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയിരുന്നു. 

ഇവരെ വിവാഹം കഴിക്കാൻ സഹായിച്ച സുഹൃത്ത് 2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിലാണ് സാക്ഷിയെയും ഭര്‍ത്താവിനെയും  തട്ടിക്കൊണ്ടുപോയത്. ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. 

മകളും ഭര്‍ത്താവും തമ്മില്‍ ഒമ്പത് വയസ്സ് പ്രായവ്യത്യാസമുണ്ടെന്നും, അജിതേഷിന് വരുമാനം കുറവാണെന്നും ഇക്കാര്യങ്ങളിലാണ് തന്റെ ഉത്‌കണ്‌ഠയെന്നുമാണ് രാജേഷ് മിശ്ര വിഷയത്തില്‍ പ്രതികരിച്ചത്.  മകളെ ഉപദ്രവിക്കുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്നും അവരെ രണ്ട് പേരെയും വീട്ടില്‍ തിരിച്ചുകൊണ്ടുവരാനായി പാര്‍ട്ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

click me!