'യുപിയിലെ അഴിമതിയും കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ ആവശ്യമായതെല്ലാം ചെയ്യും'; യോ​ഗി ആദിത്യനാഥ്

By Web TeamFirst Published Jul 12, 2020, 10:13 AM IST
Highlights

യുപിയിലെ 200 ദശലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ സുരക്ഷ തന്റെ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. 

ലക്നൗ: സംസ്ഥാനത്തെ അഴിമതിയും കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 'സംസ്ഥാനത്തെ കുറ്റകൃത്യങ്ങളും അഴിമതിയും അവസാനിപ്പിക്കാൻ ആവശ്യമായതെല്ലാം നടപ്പിലാക്കും. അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും നേരെ അസഹിഷ്ണുതയുള്ള നിലപാടാണ് സംസ്ഥാനത്തിന്റേത്.' യോ​ഗി ആദിത്യനാഥ് പറഞ്ഞു. യുപിയിലെ 200 ദശലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ സുരക്ഷ തന്റെ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന പാലനം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായിട്ടാണ് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.

പകർച്ചവ്യാധികൾക്കിടയിലും കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേയ്ക്ക് മടങ്ങാൻ സർക്കാർ സൗകര്യമൊരുക്കിയിരുന്നു. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേയ്ക്ക് എത്തിയത്. 'കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിലും നാല് മില്യൺ കുടിയേറ്റ തൊഴിലാളികളാണ് യുപിയിലേക്ക് എത്തിച്ചേർന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൻ കീഴിൽ ഇവർക്കായി തൊഴിൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് യുപി സർക്കാർ.' ​യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. അതുപോലെ യുപിയിലെ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനുളള സാഹചര്യം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായത്തിന്റെയും സമ്പദ്‍വ്യവസ്ഥയുടെയും പുരോ​ഗതിയിൽ ആത്മനിർഭർ ഭാരതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉത്തർപ്രദേശിൽ ദിനംപ്രതി 45000 കൊവിഡ് പരിശോധനകളാണ് നടക്കുന്നതെന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. 

click me!