കാൺപൂർ ഏറ്റുമുട്ടല്‍: അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കുമെന്ന് യുപി സർക്കാർ

By Web TeamFirst Published Jul 12, 2020, 9:45 AM IST
Highlights

എട്ട് പൊലീസുകാർ കൊല്ലപ്പെട്ട് ആക്രമണവും വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കും. എന്നാൽ വികാസ് ദുബൈ കൊല്ലപ്പെട്ട സംഭവം അന്വേഷണ പരിധിയിൽ വരുമെന്ന കാര്യം ഉത്തരവിൽ വ്യക്തമല്ല. 

കാൺപൂർ ഏറ്റുമുട്ടലിൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. എട്ട് പൊലീസുകാർ കൊല്ലപ്പെട്ട് ആക്രമണവും വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കും. എന്നാൽ വികാസ് ദുബൈ കൊല്ലപ്പെട്ട സംഭവം അന്വേഷണ പരിധിയിൽ വരുമെന്ന കാര്യം ഉത്തരവിൽ വ്യക്തമല്ല. ഇതിനിടെ ദുബൈയുടെ രണ്ട് കൂട്ടാളികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി.

യുപി അഡി.ചീഫ് സെക്രട്ടറി സഞ്ജയ് ബി റെഡ്ഡി അധ്യക്ഷനായ സംഘത്തിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. ജൂലായ് മൂന്നിലെ ഏറ്റുമുട്ടൽ, വികാസ് ദുബൈയുടെ ഗുണ്ടാ പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പെടെ അന്വേഷിക്കാനാണ് സർക്കാർ ഉത്തരവ്. ഈ മാസം 31 സ‍ർക്കാരിനെ റിപ്പോർട്ട് സമർപ്പിക്കണം.

എന്നാൽ വികാസ് ദുബൈ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവം അന്വേഷണസംഘത്തിന്റെ പരിധിയിൽ വരുമോ എന്ന കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഏറ്റുമുട്ടലുകളിൽ പ്രതികൾ കൊല്ലപെട്ടാൽ മജിസ്റ്റീരിയിൽ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശപ്രകാരം ഈ സംഭവത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടെ കാൺപൂർ ആക്രമണത്തിന് ശേഷം മഹാരാഷ്ട്രയിലെ താനെയിൽ ഒളിവിലായിരുന്നു ദുബൈയുടെ സഹായി ഗുദ്ദൻ ത്രിവേദിയും ഡ്രൈവറും പിടിയിലായി.

താനെയിൽ നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പിടികൂടിയത്. ഇവരെ മഹാരാഷ്ട്ര പൊലീസ് ചോദ്യം ചെയ്യും. വികാസ് ദുബൈയുടെ ബിനാമി ഇടപാടുകളിൽ എൻഫോഴ്സ്മെന്റും അന്വേഷണം തുടങ്ങി. തന്‍റെ ഭർത്താവ് തെറ്റുകളാണ് ചെയ്തതെന്നും ഈ വിധി അര്‍ഹിക്കുന്നുവെന്നും വികാസ് ദുബെയുടെ ഭാര്യ പ്രതികരിച്ചു. ഇവരിൽ നിന്നും യുപി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മധ്യപ്രദേശ് പൊലീസിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി വികാസ് ദുബൈയെ കാൺപൂരിലേക്ക് കൊണ്ടു വരുന്നതിനിടെ ഇന്നലെയാണ് കൊല്ലപ്പെടുന്നത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ യുപി പൊലീസിന്റെ ദ്രുത ക‍ർമ്മ സേനയാണ് വെടിവച്ചത്.

click me!