''പാർലമന്റിൽ എന്റെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാരിന് സാധിക്കില്ല'': പി ചിദംബരം

By Web TeamFirst Published Dec 5, 2019, 1:10 PM IST
Highlights

അനുവാദമില്ലാതെ യാത്ര പാടില്ല, ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട്  പരസ്യപ്രസ്താവനകളോ അഭിമുഖങ്ങളോ നടത്തുന്നതിൽ നിന്നും സാക്ഷികളെ സന്ദർശിക്കുന്നതിൽ നിന്നും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 
 

ദില്ലി: പാർലമെന്റിൽ തന്റെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാരിന് സാധിക്കില്ലെന്ന് മാധ്യമപ്രവർത്തകരോട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. എഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിഞ്ഞിരുന്ന പി ചിദംബരം വ്യാഴാഴ്ചയാണ് പാർലമെന്റിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് 106 ദിവസമാണ് ചിദംബരം ജയിലിൽ കഴിഞ്ഞത്. നിലവിൽ അദ്ദേഹം കോൺ​ഗ്രസിന്റെ രാജ്യസഭാം​ഗമാണ്. ഉള്ളിയുടെ വില കുതിച്ചുയരുന്നതിനെതിരെ കോൺ​ഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തു. ഇന്നലെ വൈകുന്നേരം ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ കോൺ​ഗ്രസ് പ്രസിഡന്റ് സോണിയ ​ഗാന്ധിയെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചിരുന്നു. 

സുപ്രീം കോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും 106 ദിവസത്തിന് ശേഷം ശുദ്ധവായു ശ്വസിക്കാൻ സാധിച്ചതിൽ അതീവ സന്തോഷവാനണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അനുവാദമില്ലാതെ യാത്ര പാടില്ല, ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട്  പരസ്യപ്രസ്താവനകളോ അഭിമുഖങ്ങളോ നടത്തുന്നതിൽ നിന്നും സാക്ഷികളെ സന്ദർശിക്കുന്നതിൽ നിന്നും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

ഓഗസ്റ്റ് 21 നാണ് നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ.

click me!