
ദില്ലി: ഒമിക്രോണ്‍ (Omicron) ആശങ്ക ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് (booster dose) നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരുന്നു.
അതേസമയം ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ കൊവിഷീൽഡ് വാക്സീനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ ഇന്നലെ സമീപിച്ചിരുന്നു. നിലവിൽ വാക്സീൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനേക്കാ വാക്സീനെ യുകെ ബൂസ്റ്റർഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. അതേസമയം ഓക്സ്ഫോർഡിലെ ശാസ്ത്രഞ്ജൻമാർ ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്സീൻ ഉടൻ കണ്ടെത്തിയേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ഒരു അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്തുവരും. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നത് 204 പേരാണ്.
ദില്ലി വിമാനത്താവളത്തിലെത്തിയ ആറുപേര്‍ക്കും മുംബൈയിലത്തിയ ഒന്‍പത് പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക ശ്രേണീകരണ ഫലം കൂടി പുറത്തുവരാനുണ്ട്. ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോള്‍ നാല്‍പ്പതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ അറിയുന്നത്.
മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ ലോക്സഭയില്‍ ആവര്‍ത്തിച്ചു. സമാന അവകാശവാദം മുന്‍പ് ഉന്നയിച്ചെങ്കിലും രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്സിജന്‍ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച്ച ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ഓക്സിജന്‍ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമായിരുന്നുവെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു. 19 സംസ്ഥാനങ്ങളോട് വിശദാംശങ്ങള്‍ തേടിയതില്‍ പഞ്ചാബ് മാത്രമാണ് നാല് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam