
ദില്ലി: രാജ്യസഭ എംപിമാരെ സസ്പെന്‍റ് ചെയ്ത വിഷയത്തിൽ (Suspension of 12 MPs) പാര്‍ലമെന്‍റിൽ (parliament) പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രക്ഷുബ്ധരംഗങ്ങൾ തുടരുകയാണ് പാര്‍ലമെന്‍റിൽ. സസ്പെൻഷന്‍ നടപടിക്കെതിരെ പാര്‍ലമെന്‍റ് കവാടത്തിൽ ധര്‍ണ്ണ നടത്തുന്ന 12 അംഗങ്ങൾക്ക് മുന്നിൽ സഭാസ്തംഭനം ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധമാണ് ഇന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയത്. സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാപ്പ് പറയാൻ തയ്യാറാകാതെ മാര്‍ഷൽമാരെ ആക്രമിച്ച സംഭവത്തെ ന്യായീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി രാജ്യസഭാ നേതാവ് പിയൂഷ് ഗോയൽ എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി.
പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കുമ്പോഴും മാപ്പ് പറയാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സര്‍ക്കാര്‍. മാപ്പുപറഞ്ഞ് കീഴടങ്ങൽ വേണ്ടെന്ന നിലപാടിൽ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുകയാണ്. അതേസമയം അടുത്ത രണ്ട് ദിവസത്തിൽ ചില സമവായ നീക്കങ്ങൾ സര്‍ക്കാരിനും പ്രതിപക്ഷത്തിനുമിടയിൽ ഉണ്ടായുക്കുമെന്ന സൂചനകളും ഉണ്ട്. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ് എംപിമാരെ സസ്പെന്‍റ് ചെയ്തത്. സഭയുടെ അന്തസ് ഇടിച്ച് താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam