Asianet News MalayalamAsianet News Malayalam

Omicron : കോഴിക്കോട് ഒമിക്രോൺ ജാഗ്രത, യുകെയിൽ നിന്ന് വന്നയാൾ നിരീക്ഷണത്തിൽ

ഇദ്ദേഹത്തിന്‍റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ രണ്ട് പേരാണുള്ളത്. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ അമ്മയും പോസിറ്റീവാണ്. 

Omicron Scare In Kerala Man Returned From UK Tested Positive Samples Sent For Testing
Author
Kozhikode, First Published Dec 3, 2021, 2:49 PM IST

കോഴിക്കോട്: കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ (Omicron) കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ (UK)യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് (Covid 19) സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വൻസിംഗ് (Genomic Sequencing) പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. 

ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്.

എന്നാൽ, ഇദ്ദേഹത്തിന്‍റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ രണ്ട് പേരാണുള്ളത്. ഇദ്ദേഹത്തിന്‍റെ അമ്മ അടക്കമുള്ളവരാണ് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ അമ്മയും പോസിറ്റീവാണ്. രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നാണ് ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധനയ്ക്കായി അയച്ചത്. ഇദ്ദേഹത്തിന്‍റെ അമ്മയുടെയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖ് മാധ്യമങ്ങളോട് പറഞ്ഞു. 

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാർഗനിർദേശം നിലവിൽ വരുന്നതിന് മുൻപ് എത്തിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകമാണ്. നവംബർ 22-ന് സാംപിളെടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗനിർദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനമുണ്ടാകാൻ സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

കഴിഞ്ഞ ദിവസം കർണാടകയിൽ സ്ഥിരീകരിച്ച 2 കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴിയെത്തിയയാളുടെ ജനിത ശ്രേണീകരണത്തിനായുള്ള സാംപിളെടുത്തത് 22-ാം തീയതിയാണ്. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാർഗനിർദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ്. രണ്ടാമത്തെയാളുടെ സാംപിളെടുത്തത് 22-നാണ്.

അതായത്, മാർഗനിർദേശം നടപ്പാവും മുൻപ് തന്നെ ഒമിക്രോൺ രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തിയവരുടെ വിവരം നിർണായകമാവുന്നത്. വിവരങ്ങളെടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സർക്കാർ പറയുന്നത്.

ഇതിനിടെ 28-ന് റഷ്യയിൽ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും എത്തിയ 21 പേരെ കണ്ടെത്തി പരിശോധിക്കാൻ ശ്രമം തുടങ്ങി. ഇവർ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കേന്ദ്ര നിർദേശമനുസരിച്ചാണ് ഇവരെ പരിശോധിച്ച് തുടർനടപടികൾക്ക് ഒരുങ്ങുന്നത്. പുതിയ സാഹചര്യത്തിൽ പരിശോധനയും ജനിതക ശ്രേണീകരണ പഠനത്തിനുള്ള സംവിധാനവും ശക്തിപ്പെടുത്താൻ അതിവേഗ നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്.

അതേസമയം, ജനിതക ശ്രേണീകരണം നടത്തി സ്ഥിരീകരിക്കാനെടുത്ത കാലതാമസവും ഒമിക്രോൺ പശ്ചാത്തലത്തിൽ തിരിച്ചടിയാണ്. സാംപിളെടുത്ത് 10 ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ രാജ്യത്തെ 2 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്.

Follow Us:
Download App:
  • android
  • ios