പ്രതീക്ഷിച്ച പദ്ധതി ​ഗുജറാത്ത് കൊണ്ടുപോയി; മഹാരാഷ്ട്രയിൽ രാഷ്ട്രീയപോര് തുടങ്ങി‌‌‌‌

By Web TeamFirst Published Sep 14, 2022, 6:01 PM IST
Highlights

ഇത് ഏക്നാത് ഷിൻഡെ സർക്കാരിന്റെ പരാജയമാണെന്നാണ് ശിവസേന ആരോപിക്കുന്നത്. എന്നാൽ, പദ്ധതിക്കു വേണ്ടി നടപടികൾ തുടങ്ങിയത് മഹാവികാസ് അഖാഡി സർക്കാരിന്റെ കാലത്താണെന്നും അവരുടെ പിചിപ്പുകേട് കൊണ്ടാണ് പദ്ധതി മഹാരാഷ്ട്രക്ക് നഷ്ടമായതെന്നുമാണ് ഭരണപക്ഷത്തിന്റെ വാ​ദം. ‌‌

മുംബൈ: സംസ്ഥാനത്തിന് ലഭിക്കുമെന്ന് കരുതിയിരുന്ന പദ്ധതി ​ഗുജറാത്ത് കൊണ്ടുപോയതോടെ മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ പോര് തുടങ്ങി. ഓയിൽ, ​ഗ്യാസ്, ഇരുമ്പ് വ്യാപാരികളായ വേദാന്തയും തായ്വാൻ ആസ്ഥാനമായ ഫോക്സ്കോണും സംയുക്തമായി തുടങ്ങാനിരുന്ന പദ്ധതിയാണ് ​ഗുജറാത്ത് കൊണ്ടുപോയത്. ഇത് ഏക്നാത് ഷിൻഡെ സർക്കാരിന്റെ പരാജയമാണെന്നാണ് ശിവസേന ആരോപിക്കുന്നത്. എന്നാൽ, പദ്ധതിക്കു വേണ്ടി നടപടികൾ തുടങ്ങിയത് മഹാവികാസ് അഖാഡി സർക്കാരിന്റെ കാലത്താണെന്നും അവരുടെ പിചിപ്പുകേട് കൊണ്ടാണ് പദ്ധതി മഹാരാഷ്ട്രക്ക് നഷ്ടമായതെന്നുമാണ് ഭരണപക്ഷത്തിന്റെ വാ​ദം. ‌‌

ഒന്നരലക്ഷം കോടി രൂപയുടെ പദ്ധതിയാണ് വേദാന്ത-ഫോക്സ്കോൺ കമ്പനികൾ ​ഗുജറാത്തിൽ ആരംഭിക്കാൻ പോകുന്നത്. ഏറെക്കുറെ നടപടികൾ പൂർത്തിയായ പദ്ധതി മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നത് ഞെട്ടലോടെയാണ് നോക്കിക്കാണുന്നതെന്നാണ് ശിവസേന നേതാവ് ആദിത്യ താക്കറെ പറയുന്നത്. എന്തായാലും പദ്ധതി നഷ്ടം രാഷ്ട്രീയപ്പോരിലേക്ക് എത്തി. ശരിക്കും കുറ്റപ്പെടുത്തേണ്ടത് മുൻ സർക്കാരിനെയാണ്. ഞങ്ങൾ അധികാരത്തിലെത്തിയിട്ട് കുറച്ചുദിവസമല്ലേ ആ‌യുള്ളു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‌

2015 ഓ​ഗസ്റ്റിൽ ബിജെപി-ശിവസേന സഖ്യം അധികാരത്തിലിരുന്നപ്പോഴാണ് ഫോക്സ്കോണുമായി അഞ്ച് ബില്യൺ ഡോളറിന്റെ പദ്ധതി രൂപരേഖ ഒപ്പിട്ടത്. പൂനെയിലെ തെല​ഗാവിൽ ഒരു സെമികണ്ടക്ടർ യൂണിറ്റ് തുടങ്ങാമെന്നായിരുന്നു കരാർ. എന്നാൽ, 2020ൽ മഹാ വികാസ് അഖാഡി ഭരണകാലത്ത് ഈ കരാർ റദ്ദ് ചെയ്തു. എന്നാൽ, യൂണിറ്റ് തുടങ്ങുന്നതിനായുള്ള സമവായ ചർച്ചകൾ തുടരുകയും ചെയ്തു. അതേസമയം, പദ്ധതി മഹാരാഷ്ട്രയിൽ തുടങ്ങാമെന്ന് കമ്പനികൾ ധാരണയായ സമ‌യത്തും ​ഗുജറാത്ത് അവിടേക്ക് പദ്ധതിയെ കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടായിരുന്നു. ഒടുവിൽ ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും സംസ്ഥാനത്തെ ഉയർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരുടെയും ശ്രമം വിജയം കാണുകയായിരുന്നു. എന്തായാലും തുറന്ന രാഷ്ട്രീയപോരിലേക്ക് മഹാരാഷ്ട്രയെ തള്ളിവിട്ടിരിക്കുകയാണ് ഒന്നരലക്ഷം കോടി രൂപയുടെ (20 ബില്യൺ ഡോളർ) പദ്ധതി. 

Read Also: വ്യക്തികളും രാജ്യങ്ങളും ഒന്നാമതാവുകയല്ല,സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനം' രാഹുല്‍ഗാന്ധി

click me!