Asianet News MalayalamAsianet News Malayalam

വ്യക്തികളും രാജ്യങ്ങളും ഒന്നാമതാവുകയല്ല,സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനം' രാഹുല്‍ഗാന്ധി

പരസ്പര സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലുമുള്ള  ജീവിതത്തിലൂടെ സമൂഹവും രാജ്യവും ശക്തിപ്പെടും. അത്തരമൊരു രാഷ്ട്ര നിര്‍മാണമാണ് ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നതെന്നും രാഹുല്‍ ഗാന്ധി 

 It's not about putting individuals and countries first, it's about living in peace and happiness.
Author
First Published Sep 14, 2022, 5:49 PM IST

കൊല്ലം:വ്യക്തികളും രാജ്യങ്ങളും ഒന്നാമതാവുകയല്ല സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനമെന്ന് രാഹുല്‍ഗാന്ധി. പല കാര്യങ്ങളിലും എന്ന പോലെ ജയില്‍വാസം അനുഭവിക്കുന്നവരുടെ എണ്ണത്തിലും വെടിവെപ്പിലും അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്താണ്. ഇതുപോലെ പല കാര്യങ്ങളിലും പിന്നോക്കം ആണെങ്കിലും വിവിധതലങ്ങളില്‍ ഇന്ത്യ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.ഭാരത് ജോഡോ യാത്ര നയിച്ച് കൊല്ലം ജില്ലയില്‍ പ്രവേശിച്ച രാഹുല്‍ഗാന്ധി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായി എംപയര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംവാദം നടത്തുകയായിരുന്നു.  

വൈവിധ്യപൂര്‍ണമായ ജീവിതസാഹചര്യങ്ങളിലും നിലവാരത്തിലുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം എന്ന് രാഹുല്‍ പറഞ്ഞു ഭാഷ, മതം, സംസ്‌കാരം തുടങ്ങിയ വൈവിധ്യങ്ങളില്‍ കലഹിക്കുകയും പോരടിക്കുകയും  ചെയ്യുന്നത് കൊണ്ട് നാം കൂടുതല്‍ ദുര്‍ബലപ്പെടും. എന്നാല്‍ പരസ്പര സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലുമുള്ള  ജീവിതത്തിലൂടെ സമൂഹവും രാജ്യവും ശക്തിപ്പെടും. അത്തരമൊരു രാഷ്ട്ര നിര്‍മാണമാണ് ഈ പദയാത്ര ലക്ഷ്യം വെക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് തനിക്ക് മതിപ്പില്ലെന്ന്  ഒരു ചോദ്യത്തിന് രാഹുല്‍ഗാന്ധി മറുപടി നല്‍കി.  25 വര്‍ഷം മുന്‍പ് താന്‍ പഠിച്ച പാഠങ്ങള്‍ തന്നെയാണ് ഇപ്പോള്‍ തന്റെ സഹോദരിയുടെ മക്കള്‍ പഠിക്കുന്നതും അവരെ പഠിപ്പിക്കുന്നതും.  അന്നത്തേതില്‍ നിന്ന്  ലോകം ഒരുപാട് മാറി. പഠന സമ്പ്രദായങ്ങളും മാറി. എന്നാല്‍ ഈ മാറ്റം നമ്മുടെ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

കേരളത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് അത് നാവില്‍ നിന്നല്ല ഹൃദയത്തില്‍ നിന്നാണ്  പ്രകടിപ്പിക്കുന്നതെന്നായിരുന്നു മറുപടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കുമ്പോള്‍ തന്നെ സാംസ്‌കാരികമായ വൈരുധ്യം  കാണാനായി. പക്ഷേ പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചുമുള്ള നിങ്ങളുടെ ഐക്യപ്പെടല്‍ തന്നെ വിസ്മയിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ക്ലാസിക്കല്‍ നൃത്തത്തില്‍ അഞ്ച് ലോക റെക്കോര്‍ഡ് നേടിയിട്ടുള്ള കൊല്ലം എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ലക്ഷ്മണ്‍ രാജിന്റെ ഭരതനാട്യവും ആസ്വദിച്ചാണ് രാഹുല്‍ഗാന്ധി മടങ്ങിയത്. 
 

Follow Us:
Download App:
  • android
  • ios