കൊവിഡ് വ്യാപനത്തിനിടെ പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നി‍ർമ്മാണം പൂ‍‍ർത്തിയാക്കാൻ സമയം നിശ്ചയിച്ച് സ‍ർക്കാർ

By Web TeamFirst Published May 3, 2021, 5:55 PM IST
Highlights

നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും ആദ്യം പണി പൂ‍ർത്തിയാക്കേണ്ടത് പ്രധാനമന്ത്രിയുടെ വസതിയാണെന്നാണ് അറിയിച്ചിരിക്കുന്നത്....

ദില്ലി: കൊവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂ‍ത്തിയാക്കാൻ സമയം നിശ്ചയിച്ച് കേന്ദ്രസ‍ക്കാർ. കൊവിഡിനിടയിലും അവശ്യ സർവ്വീസായി അടയാളപ്പെടുത്തിയ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാ​ഗമായാണ് പ്രധാനമന്ത്രിയ്ക്കായി പുതിയ വസതി നി‍ർമ്മിക്കുന്നത്. ശകതമായ എതിർസ്വരവും വിമർശനവും ഉയർ്നനിട്ടും  കൊവിഡ് കാലത്തും പുതിയ പാ‍ർലമെന്റ് മന്ദിരമടക്കമുള്ള നിർമ്മാണത്തിനായുള്ള സെൻട്രൽ വിസ്ത പദ്ധതി തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 

നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും ആദ്യം പണി പൂ‍ർത്തിയാക്കേണ്ടത് പ്രധാനമന്ത്രിയുടെ വസതിയാണെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 ഡിസംബറാണ് നിർമ്മാണം പൂ‍ർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയം. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കായുള്ള കെട്ടിടത്തിന്റെ നിർമ്മാണവും ഇതിനൊപ്പം പൂ‍ർത്തിയാക്കും. 13450 കോടി രൂപയുടെ പദ്ധതിയാണ് സെൻട്രൽ വിസ്ത. 46000 പേർക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2022 മെയ്യിൽ ഉപരാഷ്ട്രപതിയുടെ വസതിയുടെ നിർമ്മാണം പൂർത്തിയാക്കും. 

പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളടക്കം ചോദ്യം ചെയ്ത് സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തേ സുപ്രീംകോടതിയിൽ വിവിധ സംഘടനകൾ ഹര്‍ജികൾ നൽകിയിരിന്നു. എന്നാൽ പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിർമ്മാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. 

പദ്ധതി നിയമപരമായി നിലനിൽക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെൻട്രൽ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി വിധിച്ചിരുന്നു. എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സ‌ഞ്ജീവ് ഖന്ന എന്നിവരുടങ്ങുന്ന ബെഞ്ചിൻ്റേതാണ് വിധി. ജസ്റ്റിസ് സ‌ഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ മറ്റ് രണ്ട് പേരും പദ്ധതിക്ക് അനുകൂലമായി വിധി പറയുകയായിരുന്നു. നിർമ്മാണ മേഖലയിൽ പുക ടവറുകൾ സ്ഥാപിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല.

click me!