
ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡിഷണൽ കമ്മീഷണർ, സൂപ്രണ്ടിങ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെയും നിയമിച്ചു.
ഇൻഡോറിൽ മലിന ജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ മരണം 10 ആയി. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്നും രാഹുൽ പ്രതികരിച്ചു. പാവങ്ങൾ നിസ്സഹായരായി നിൽക്കുകയാണ്. ഇതിനിടെ ഹൃദയ ശൂന്യരായ നേതാക്കൾ മോശം പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ ആണ് സംഭവത്തിൽ ഉത്തരവാദികൾ. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറി. എങ്ങനെയാണ് മലിനജലം കലർന്നതെന്നും എപ്പോഴാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു. പാവങ്ങൾ മരിക്കുമ്പോൾ പതിവുപോലെ മോദി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam