ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷാസ്ഥിതി ഗവർണ്ണർ സത്യപാൽമാലിക് വിലയിരുത്തി. ഗവർണറുടെ ഉപദേശകൻ കെ കെ ശർമ്മ നാളെ ജനാഭിപ്രായവും ജനസമ്മതിയും തേടാനുള്ള നടപടികൾ തുടങ്ങും. കൂടുതൽ സ്കൂളുകൾ അടുത്തയാഴ്ച തുറക്കും. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് സർക്കാർ.
നിയന്ത്രണങ്ങൾ കൊണ്ടുവന്ന ശേഷം ഇന്ന് പതിനെട്ടാം ദിനമാണ്. പലയിടത്തും അന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപോലെ തുടരുകയാണ്. മൊബൈൽ ഇന്‍റർനെറ്റ് ഇതുവരെ താഴ്‍വരയിൽ പുനഃസ്ഥാപിച്ചിട്ടില്ല. ജമ്മുവിന്‍റെ ചില മേഖലകളിലാണ് ഇപ്പോൾ ടുജി സേവനം ലഭ്യമാകുന്നത്.
തിങ്കളാഴ്ച 190 പ്രൈമറി സ്കൂളുകൾ തുറന്നു. ഇന്നലെ മിഡിൽ ലെവൽ സ്കൂളുകൾ കൂടി തുടങ്ങിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സ്കൂളുകളിൽ മാത്രമാണ് കുട്ടികളെത്തുന്നത്. അധ്യാപകർ എത്തുന്നുണ്ട് സ്കൂളുകൾ. നാളെ വരെ എത്രത്തോളം കുട്ടികൾ വരുന്നു എന്നതിനനുസരിച്ച് സ്കൂളുകൾ തുറന്നത് തുടരണോ എന്ന് സർക്കാർ തീരുമാനിക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ദാൽ തടാകത്തിലെ ഷിക്കാരകളും ഹൗസ് ബോട്ടുകളും കരയിൽത്തന്നെ കിടക്കുന്നു. ടൂറിസം മേഖലയും അടഞ്ഞു കിടക്കുകയാണ്.
പലയിടത്തും ഇപ്പോഴും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ ജനങ്ങൾ തന്നെ ബന്ദ് പ്രഖ്യാപിക്കുന്ന നിലയുണ്ട്. അതിനാൽത്തന്നെ, താഴ്‍വരയിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന കാര്യം സർക്കാർ ഇപ്പോൾ ആലോചിക്കുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam