ഇ-സിഗരറ്റുകൾ ഇന്ത്യയിൽ നിരോധിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

By Web TeamFirst Published Jul 3, 2019, 4:16 PM IST
Highlights

ലഹരി വസ്തുക്കളുടെ പട്ടികയിൽപ്പെടുത്തിയാണ് ഇ-സിഗരറ്റുകളെ നിരോധിക്കുന്നത്. ഇതുസംബന്ധിച്ച് വി‍ജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

ദില്ലി: രാജ്യത്ത് ഇ-സിഗരറ്റുകളുടെ നിർമ്മാണവും ഇറക്കുമതിയും വിപണനവും നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ലഹരി വസ്തുക്കളുടെ പട്ടികയിൽപ്പെടുത്തിയാണ് നിരോധനം. ഇതുസംബന്ധിച്ച് വി‍ജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

രാജ്യത്ത് 460 ഇ-സിഗരറ്റ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ. ഇവയുടെ നി‍ർമ്മാണം, ഇറക്കുമതി, വിപണനം എന്നിവ നിരോധിക്കുന്നതിനെ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തയ്യാറാക്കിട്ടുണ്ട്. നേരത്തെ പല സംസ്ഥാനങ്ങളും ഇ-സിഗരറ്റുകളെ നിരോധിത പട്ടികയിൽ ഉള്‍പ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. 

സാധാരണ സിഗരറ്റിനേക്കാള്‍ അര്‍ബുദ സാധ്യത കൂടുതലാണ് ഇ സിഗരറ്റുകള്‍ക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണിത്. സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമ രുചികളും ഇതിൽ ചേര്‍ത്തിട്ടുണ്ട്. രണ്ടാം മോദി സർക്കാരിന്റെ നൂറ് ദിന കർ‍മ്മപരിപാടിയിൽ ഇവ നിരോധിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു.

click me!