
റാഞ്ചി: ഒരേ വേദിയിൽ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്. ജാർഖണ്ഡിലെ ലോഹർദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂർവ്വമായ ഈ സംഭവം. മൂന്ന് പേരുടെയും സമ്മതപ്രകാരമായിരുന്നു അസാധാരണമായ ഈ വിവാഹം. കുസും ലക്രയും സ്വാതി കുമാരിയും വരൻ സന്ദീപ് ഒറോണിനെ സ്നേഹിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് മൂന്ന് പേരുടെയും സമ്മതത്തോടെ ഒരേ സമയം വിവാഹം നടന്നത്.
മൂന്ന് വർഷമായി സന്ദീപും കുസുമും ലിവ്-ഇൻ ബന്ധത്തിലായിരുന്നു. ഇരുവർക്കും ഒരു കുട്ടിയും ഉണ്ട്. ഒരു വർഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥയിൽ വഴിത്തിരിവായത്. അവിടെ വച്ചാണ് ജോലിക്ക് വന്ന സ്വാതി കുമാരിയെ സന്ദീപ് പരിചയപ്പെടുന്നത്. വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഇരുവരും ഈ ബന്ധം തുടർന്നു.
ഒടുവിൽ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിർത്തു തുടങ്ങി. നിരവധി വഴക്കുകൾക്ക് ശേഷം, ഗ്രാമവാസികൾ ഒരു പഞ്ചായത്ത് വിളിക്കുകയും സന്ദീപ് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്ത്രീകളോ അവരുടെ വീട്ടുകാരോ ഈ ഇരട്ട വിവാഹത്തെ എതിർത്തുമില്ല. അതേസമയം, "രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കുന്നതിൽ നിയമപരമായ പ്രശ്‌നമുണ്ടാകാം, പക്ഷേ ഞാൻ ഇരുവരെയും സ്നേഹിക്കുന്നു, ഇരുവരെയും ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല" എന്ന് വിവാഹത്തിന് ശേഷം സന്ദീപ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam