
ന്യൂഡൽഹി: റെയിൽവെ ഗ്രൂപ്പ് ഡി ജീവനക്കാരനായ യുവാവിനെ ട്രെയിനിനുള്ളിൽ വെച്ച് മർദിച്ചുകൊന്നു. യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരമായ മർദനം. ബിഹാറിൽ നിന്ന് ദില്ലിയിലേക്കുള്ള ഹംസഫർ എക്സ്പ്രസിൽ ഉത്തർപ്രദേശിൽ വെച്ചായിരുന്നു സംഭവം. പ്രശാന്ത് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്.
ബിഹാറിലെ ഒരു സ്റ്റേഷനിൽ നിന്ന് രാത്രി 11.30നാണ് പ്രശാന്ത് ട്രെയിനിൽ കയറിയത്. 11 വയസുകാരിയായ ഒരു പെൺകുട്ടി അപ്പോൾ അടുത്ത സീറ്റിലുണ്ടായിരുന്നു. യാത്രയ്ക്കിടെ പ്രശാന്ത് ഈ പെൺകുട്ടിയെ തന്റെ സീറ്റിൽ ഇരുത്തി. പിന്നീട് കുട്ടിയുടെ അമ്മ ബാത്ത്റൂമിൽ പോയ സമയത്ത് പ്രശാന്ത് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ആരോപണം. അമ്മ മടങ്ങിവന്നപ്പോൾ പെൺകുട്ടി അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. കുട്ടി അമ്മയെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു.
അമ്മ ഉടനെ തന്നെ കുട്ടിയുടെ അച്ഛനെയും മറ്റ് ബന്ധുക്കളെയും വിവരം അറിയിച്ചു. ഇവർ മറ്റൊരു കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഐഷ്ബാഗ് സ്റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് യുവാവിനെ പിടികൂടി. കോച്ചിന്റെ ഡോറുകൾക്ക് സമീപത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കാൻ തുടങ്ങി. ട്രെയിൻ കാൺപൂർ സെൻട്രൽ സ്റ്റേഷനിൽ എത്തുന്നത് വരെയുള്ള ഒന്നര മണിക്കൂറോളം സമയം മർദനം തുടർന്നു.
പുലർച്ചെ 4.35ന് ട്രെയിൻ കാൺപൂർ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ലൈംഗിക പീഡനം ആരോപിച്ചും യുവാവിന്റെ ബന്ധുക്കൾ കൊലപാതകം ആരോപിച്ചും പൊലീസിൽ പരാതി നൽകി.
പൊലീസാണ് യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട വിവരം തങ്ങളെ വിളിച്ച് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നതു പോലെയുള്ള പ്രവൃത്തികൾ ചെയ്യുന്ന ആളല്ല പ്രശാന്ത് എന്നും സംഭവത്തിൽ ഗൂഡാലോചന ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വളരെയധികം നേരം യുവാവിനെ മർദിച്ചിട്ടും ഉദ്യോഗസ്ഥരോ പൊലീസുകാരോ ഒന്നും അറിഞ്ഞില്ലെന്നും അവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam