മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ മന്ത്രി ജവഹർ ചാവ്ദ എന്നിവരും മാർച്ചിൽ പങ്കെടുക്കും.
അഹമ്മദാബാദ്: ഗുജറാത്ത് ഭരണം നിലനിർത്താൻ വമ്പൻ പ്രചാരണവുമായി ബിജെപി. സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഗൗരവ് യാത്രക്ക് തുടക്കമായി. മെഹ്‌സാന ജില്ലയിലെ ക്ഷേത്രനഗരമായ ബഹുചരാജിയിൽ നിന്നാണ് ഗൗരവ് യാത്ര ആരംഭിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഗൗരവ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഒക്ടോബർ 20ന് കച്ചിലെ മാണ്ഡവിയിലാണ് യാത്ര അവസാനിക്കുക. 5,734 കിലോമീറ്റർ യാത്രയിൽ 145 യോഗങ്ങളാണ് സംഘടിപ്പിക്കുക. ബിജെപിയുടെയോ ഗുജറാത്തിന്റെയോ ഗൗരവ് യാത്ര മാത്രമല്ല, ഇന്ത്യയുടെ അഭിമാനം സ്ഥാപിക്കാനുള്ള യാത്രയാണിതെന്ന് നദ്ദ പറഞ്ഞു.
ദ്വാരകയിൽ നിന്ന് മറ്റൊരു റൂട്ടിൽ യാത്ര നടത്തുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലായി വ്യത്യസ്ത റൂട്ടുകളിലാണ് ബിജെപി യാത്ര നടത്തുന്നത്. ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച യാത്രയിൽ പങ്കെടുക്കും. മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ മന്ത്രി ജവഹർ ചാവ്ദ എന്നിവരും മാർച്ചിൽ പങ്കെടുക്കും. വ്യാഴാഴ്ച ഷാ മൂന്ന് റൂട്ടുകളിലെ യാത്രകളിൽ പങ്കെടുക്കും. ഗുജറാത്തിലെ ഗൗരവ് യാത്രയിൽ സംസ്ഥാനത്തുടനീളമുള്ള ആദിവാസി വോട്ടർമാരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്തിൽ 27 സീറ്റുകളാണ് ആദിവാസി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആദിവാസി അടിത്തറ വിപുലപ്പെടുത്താനാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്. 2002ലാണ് ബിജെപി ആദ്യ ഗൗരവ് യാത്ര നടത്തിയത്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അന്ന് മുഖ്യമന്ത്രി. ഖേദയിലെ ഫാഗ്‌വേലിൽ നിന്നായിരുന്നു അന്ന് യാത്ര ആരംഭിച്ചത്. 2017ലാണ് ബിജെപി രണ്ടാമത് ഗൗരവ് യാത്ര സംഘടിപ്പിച്ചത്.
ബിജെപി സർക്കാരുകളുടെ വികസന പദ്ധതികൾ പ്രദർശിപ്പിക്കാൻ എൽഇഡി രഥം പുറത്തിറക്കുന്നുണ്ട്. 182 നിയമസഭാ മണ്ഡലങ്ങളിലും രഥം സഞ്ചരിക്കും. ബിജെപി, കോൺഗ്രസ്, എഎപി എന്നിവരാണ് ഇത്തവണ പ്രധാനമായി മത്സര രംഗത്തുള്ളത്. ആംആദ്മി പാർട്ടി ഗുജറാത്ത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പേ പ്രചാരണം തുടങ്ങിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
