'ഗുജറാത്തിലെ വിജയം, മോദിയുടെത്': ഗുജറാത്തിലെ ബിജെപി വിജയം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

By Web TeamFirst Published Dec 9, 2022, 4:06 PM IST
Highlights

വ്യാഴാഴ്ച ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി 156 സീറ്റുകൾ നേടിയാണ് ചരിത്ര വിജയം നേടിയത്. 

ദില്ലി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയുടെ വിജയം വന്‍ തലക്കെട്ടാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. സിംഗപ്പൂരിലെ സ്‌ട്രെയിറ്റ്‌സ് ടൈംസ്, നിക്കി ഏഷ്യ, അൽ ജസീറ, ഇൻഡിപെൻഡന്റ്, എബിസി ന്യൂസ്, ഗാര്‍ഡിയന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബിജെപിയുടെ പ്രധാനമന്ത്രി മോദിയുടെ ജന്മസംസ്ഥാനത്തെ വിജയം വലിയ വാര്‍ത്തയായി. 

വ്യാഴാഴ്ച ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി 156 സീറ്റുകൾ നേടിയാണ് ചരിത്ര വിജയം നേടിയത്. ഒരു കക്ഷി ഗുജറാത്ത് നിയമസഭയില്‍ നേടുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്. ഗുജറാത്തിൽ ബിജെപി നേടുന്ന തുടർച്ചയായ ഏഴാം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂടിയാണ് ഇത്.

പ്രധാനമന്ത്രി മോദി അടക്കം പങ്കെടുത്ത ദില്ലിയിലെ ബിജെപിയുടെ വിജയാഘോഷത്തിന്‍റെ ഫോട്ടോകൾ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം പിടിച്ചു.  2024-ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ജനപിന്തുണ ശക്തമാണ് എന്ന സൂചനയാണ് ഈ വിജയം നല്‍കുന്നത് എന്നും,  പ്രധാനമന്ത്രി ബിജെപിക്ക് പൊതുതെരഞ്ഞെടുപ്പിലേക്ക് കാര്യമായ ഉത്തേജനം നൽകിയെന്നുമാണ് ബ്രിട്ടീഷ് പത്രം ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

1995 മുതൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിട്ടില്ലെന്ന് ഉദ്ധരിച്ച് ജപ്പാനിലെ നിക്കി ഏഷ്യ ഗുജറാത്തിലെ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയാണ് ഈ വിജയത്തിന് കാരണമെന്ന് അഭിപ്രായപ്പെട്ടു. 2014ൽ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 13 വർഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അവിടെ ജനപ്രീതിയുള്ളയാളാണെന്ന് നിക്കി ഏഷ്യ പറയുന്നു. 

ബിജെപിയുടെ പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നിരവധി പ്രചാരണ റാലികൾ നടത്തിയെന്ന് ജാപ്പനീസ് ദിനപത്രം പറഞ്ഞു. "ഗുജറാത്തിൽ ജനിച്ച മോദി ആഗോള തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്ന വസ്തുതയില്‍ ഗുജറാത്തികള്‍ അഭിമാനിക്കുന്നു, അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള മനോഭാവമാണ് ആ സംസ്ഥാനത്ത് ഉള്ളത്" പത്രം കൂട്ടിച്ചേർത്തു.

2024 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ റെക്കോർഡ് വിജയം ബിജെപിക്ക് വലിയ ഉത്തേജനമാണെന്ന് യുകെ ആസ്ഥാനമായുള്ള ദി ഇൻഡിപെൻഡന്‍റ് പറഞ്ഞു.

ഗുജറാത്തിലെ ബിജെപിയുടെ അനായാസ വിജയം ഹിന്ദു വോട്ടുകളുടെ ആഴത്തിലുള്ള ഏകീകരണമാണ് കാണിക്കുന്നതെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രൊഫസർ അജയ് ഗുദാവർത്തിയെ ഉദ്ധരിച്ച് അൽ ജസീറയോട് പറഞ്ഞു.

ഹലോ എംഎല്‍എ; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച ഭാര്യയെ അഭിനന്ദിച്ച് ജഡേജ

'ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കും', ആംആദ്മി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്നും കെ സി വേണുഗോപാല്‍

click me!