വോട്ട് ചെയ്യാതെ മുങ്ങിയാൽ കാത്തിരിക്കുന്നത് നാണക്കേട്; തെരഞ്ഞെടുപ്പിലെ ഗുജറാത്ത് മോഡൽ

By Sreenath ChandranFirst Published Oct 18, 2022, 9:27 PM IST
Highlights

 വോട്ട് നമ്മുടെ അവകാശമാണ്. നമ്മുടെ അധികാരമാണ്. പക്ഷെ എല്ലാവർക്കും അത് ഉപയോഗപ്പെടുത്താൻ കഴിയാറില്ല. പ്രത്യേകിച്ചും സ്വകാര്യസ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്ക്. വോട്ട് ചെയ്യാൻ പോലും അവധി ലഭിക്കാറില്ലെന്ന് പരാതി പറയുന്നവരുണ്ട്

അഹമ്മദാബാദ്: വോട്ട് നമ്മുടെ അവകാശമാണ്. നമ്മുടെ അധികാരമാണ്. പക്ഷെ എല്ലാവർക്കും അത് ഉപയോഗപ്പെടുത്താൻ കഴിയാറില്ല. പ്രത്യേകിച്ചും സ്വകാര്യസ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്ക്. വോട്ട് ചെയ്യാൻ പോലും അവധി ലഭിക്കാറില്ലെന്ന് പരാതി പറയുന്നവരുണ്ട്. വോട്ട് ചെയ്യാൻ എല്ലാവർക്കും അവസരമുണ്ടാകണമെന്നാണ് നിയമം. ശമ്പളത്തോടെ അവധി നൽകണമെന്ന് പോലുമുണ്ട്. തൊഴിലുടമ അവധി നൽകിയിട്ടും വോട്ട് ചെയ്യാൻ പോവാതെ മറ്റ് പരിപാടികൾക്ക് പോയാലോ?? അത്തരക്കാരെ പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിൽ അത്തരമൊരു നിർണായക നീക്കം കണ്ടു

വോട്ട് ചെയ്യാതെ മുങ്ങിയാൽ മാനഹാനി  

വോട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെയാണ് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കാനുള്ളതും. വോട്ട് ചെയ്തില്ലെന്ന കാരണം കൊണ്ട് ആർക്കെതിരെയും നിയമ നടപടി സ്വീകരിക്കാൻ നിയമമില്ല. തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനടക്കം സ്വീകരിക്കുന്നത്. അതിനാണ് ശമ്പളത്തോടെയുള്ള അവധി വോട്ടെടുപ്പ് ദിനം സർക്കാർ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് അനുവദിക്കുന്നത്. ജനപ്രാതിനിധ്യ നിയമം 1951ൽ സെക്ഷൻ 135Bൽ ഇക്കാര്യം വ്യക്തമാണ്. 

എന്നാൽ അവധിയും എടുത്ത് മുങ്ങുന്ന വലിയൊരു വിഭാഗം ഉണ്ട്. അത്തരക്കാരെ കണ്ടെത്തി പേര് വിവരങ്ങൾ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും പ്രദർശിപ്പിക്കാൻ പോവുകയാണ്. ഗുജറാത്തിലെ ആയിരത്തിലേറെ സ്വകാര്യ വൻകിട വ്യവസായ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ധാരണാ പത്രം ഒപ്പിട്ട് കഴിഞ്ഞു. അവധിയെടുത്ത് മുങ്ങിയാൽ ആ വിവരം പരസ്യപ്പെടുത്തുക വഴിയുള്ള മാനഹാനിയാണ് ശിക്ഷ. അനധികൃതമായി അവധിയെടുത്തതിനുള്ള വിശദീകരണവും മറ്റും സ്ഥാപനങ്ങൾക്ക് നൽകേണ്ടിയും വരും.

വരുമോ നോഡൽ ഓഫീസർമാർ?

ഈ വർഷം ജൂണിലാണ് വോട്ട് ചെയ്യാതെ മുങ്ങുന്നവരെ പിടികൂടാനുള്ള പദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായും ആശയവിനിമയം നടത്തിയിരുന്നു. സർക്കാർ സ്ഥാപനമെന്നോ സ്വകാര്യ സ്ഥാപനമെന്നോ വ്യത്യാസമില്ലാതെ വോട്ട് ചെയ്യാതെ മുങ്ങുന്നവരെ കണ്ടെത്താനുള്ള നടപടി വേണമെന്നായിരുന്നു ആവശ്യം. 500 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെല്ലാം ഇക്കാര്യം നിരീക്ഷിക്കാൻ നോഡൽ ഓഫീസർ വേണമെന്നായിരുന്നു നി‍ർദ്ദേശം. കേരളം അടക്കം ഒരു സംസ്ഥാനത്തും ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട് തുടർ നീക്കങ്ങളൊന്നും ഉണ്ടായില്ല. അവിടെയാണ് ഗുജറാത്തിൽ നിന്നുള്ള ശ്രദ്ധേയ നടപടി. 

click me!