
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയിൽ നടന്ന ഓൺലൈൻ വിചാരണയ്ക്കിടെ അഭിഭാഷകൻ മദ്യപിച്ചതിൽ നടപടി. ഭാസ്കർ തന്നയെന്ന മുതിർന്ന അഭിഭാഷകൻ തത്സമയം ബിയർ കുടിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്തതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹൈക്കോടതി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച ഹൈക്കോടതി, ഇനിയുള്ള കേസുകളിൽ ഓൺലൈനായി ഭാസ്കർ തന്ന ഹാജരാകുന്നതും വിലക്കി. അഭിഭാഷകന്റെ പെരുമാറ്റം അതിരുകടന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അഭിഭാഷകൻ ബിയർ കുടിക്കുന്നത് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി കടുത്ത നടപടിയിലേക്ക് കടന്നത്.
വിശദ വിവരങ്ങൾ ഇങ്ങനെ
ജൂൺ 26 ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിനു മുന്നിലായിരുന്നു മുതിർന്ന അഭിഭാഷകൻ മദ്യപാനം നടത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോടതിയുടെ മാന്യതയും അന്തസ്സും ലംഘിക്കുന്ന അതിഗുരുതരമായ പെരുമാറ്റമായാണ് ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആർ ടി വഛാനി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഭാസ്‌കർ ടന്നയ്‌ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. യുവ അഭിഭാഷകർക്ക് മാതൃകയാകേണ്ട മുതിർന്ന അഭിഭാഷകനിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഈ സംഭവമെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി രജിസ്ട്രിയോട് ഈ സംഭവത്തെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാനും ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തുടർനടപടികൾക്കായി കോടതി ഉത്തരവിട്ടു, കൂടാതെ വീഡിയോ തെളിവായി സംരക്ഷിക്കാനും രജിസ്ട്രിയോട് നിർദ്ദേശിച്ചു.
ഇത്തരത്തിലുള്ള പെരുമാറ്റം ഗുജറാത്ത് ഹൈക്കോടതിയിൽ ആദ്യമായല്ല സംഭവിക്കുന്നത്. ജൂൺ 20 ന് ജസ്റ്റിസ് നിർസർ എസ് ദേശായിയുടെ ബെഞ്ചിന് മുന്നിൽ നടന്ന മറ്റൊരു വെർച്വൽ വിചാരണയ്ക്കിടെ, "സമദ് ബാറ്ററി" എന്ന പേര് പ്രദർശിപ്പിച്ച ഒരു വ്യക്തി ടോയ്‌ലറ്റിൽ ഇരുന്ന് കോടതി നടപടികളിൽ പങ്കെടുത്തതിന്റെ വീഡിയോയും വൈറലായിരുന്നു. സംഭവം വെർച്വൽ കോടതി വിചാരണകളിൽ ഔപചാരികതയും അന്തസ്സും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുതിർന്ന അഭിഭാഷകന്‍റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായത്. നിയമവൃത്തിയിലെ ധാർമ്മികതയും പ്രൊഫഷണലിസവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ കടുത്ത നടപടിയിലേക്ക് കടന്നത്.