'ഗുജറാത്തിലെ തൂക്കുപാല ദുരന്തം ദൈവനിശ്ചയം, അറസ്റ്റ് ചെയ്തത് ശരിയല്ല'; അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ മാനേജർ

Published : Nov 02, 2022, 04:22 PM ISTUpdated : Nov 02, 2022, 04:28 PM IST
'ഗുജറാത്തിലെ തൂക്കുപാല ദുരന്തം ദൈവനിശ്ചയം, അറസ്റ്റ് ചെയ്തത് ശരിയല്ല'; അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ മാനേജർ

Synopsis

അപകടത്തിന് പിന്നാലെ പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഒറിവ ഗ്രൂപ്പിലെ 4 പേരുൾപ്പെടെ 9 പേരെ അറസ്റ്റ് പൊലീസ് ചെയ്തിരുന്നു.

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം ദുരന്തമുണ്ടാകാൻ കാരണം ദൈവത്തിന്റെ വിധിയാണെന്ന് അറ്റകുറ്റപ്പണി നടത്തിയ കമ്പനി ഒറിവയുടെ മാനേജർ ദീപക് പരേഖ്. ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.ജെ. ഖാനോടാണ് ഇയാൾ ഇങ്ങനെ പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനും ഇക്കാര്യം പറഞ്ഞു. അപകടം ദൈവത്തിന്റെ പ്രവൃത്തിയാണെന്നും അതുകൊണ്ടു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചു. പാലം തകർന്നതിനെത്തുടർന്ന് ഞായറാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൈവനിശ്ചയമാണ് നിർഭാഗ്യകരമായ അപകടമുണ്ടാകാൻ കാരണമെന്നാണ് ഇയാൾ പറഞ്ഞത്. അപകടത്തിന് പിന്നാലെ പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഒറിവ ഗ്രൂപ്പിലെ 4 പേരുൾപ്പെടെ 9 പേരെ അറസ്റ്റ് പൊലീസ് ചെയ്തിരുന്നു. തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ക്ലോക്ക് നിർമാതാക്കളായ ഒറിവ ഗ്രൂപ്പിന് 15 വർഷത്തെ പരിപാലന കരാറാണ് അധികൃതർ നൽകിയത്.

മോർബി പാലം ദുരന്തം: പ്രതികളായവര്‍ക്ക് വേണ്ടി ഹാജറാകില്ലെന്ന് ഗുജറാത്തിലെ അഭിഭാഷകര്‍

രാജ്യത്തെ നടുക്കിയ അപകടത്തിൽ 140പേരാണ് ഇതുവരെ മരിച്ചത്. തൂക്കുപാലത്തിലെ കേബിള്‍ തുരുമ്പിച്ചിരുന്നുവെന്നും കേബിൾ നന്നാക്കിയിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു. പാലം ബലപ്പെടുത്തുന്നതിന് എന്താണ് ചെയ്തതെന്ന് രേഖകളില്ല. ഒക്ടോബർ 23നാണ് പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി പൊതുജനത്തിന് തുറന്നുകൊടുത്തത്. 10-15 രൂപയാണ് പാലത്തിൽ കയറാൻ ചാർജ് ഈടാക്കിയിരുന്നതെന്നും ഡിവൈഎസ്പി പി.എ. സല കോടതിയെ അറിയിച്ചു.

അതിനിടെ, ഗുജറാത്ത് മോർബിയില്‍ തൂക്കുപാലം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജറാകില്ലെന്ന് ഗുജറാത്തിലെ രണ്ട് ബാർ അസോസിയേഷനുകൾ അറിയിച്ചു. മോർബി ബാർ അസോസിയേഷന്റെ മുതിർന്ന അഭിഭാഷകൻ എസി പ്രജാപതി വാർത്താ ഏജൻസിയായ എഎൻഐയോടാണ് ഈ കാര്യം അറിയിച്ചത്.  ഒറെവ എന്ന കമ്പനിയിലെ കുറ്റാരോപിതരായ ഒമ്പത് പേര്‍ക്ക് വേണ്ടി ഗുജറാത്തിലെ ബാര്‍ അസോസിയേഷനുകളിലെ അഭിഭാഷകര്‍ പ്രതിനിധീകരിക്കില്ല എന്ന പ്രമേയം ഇവര്‍ പാസാക്കിയെന്നാണ് വിവരം.

പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ദിവസങ്ങൾക്ക് ശേഷം പാലം തകർന്നതിനെത്തുടർന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒറെവ ഗ്രൂപ്പിനെതിരെ ആരോപണം ഉയര്‍ന്നത്. ജനത്തിരക്ക് ഒരു കാരണമായിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ കൃത്യമായി നടന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്തകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘വിസിൽ’ അടിക്കാൻ വിജയ്; തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു
വാഹനമോടിക്കുന്നവരാണോ? നിയമങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ, വർഷത്തിൽ 5 തവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് പോകും!