
ഗന്ധിനഗര്‍ : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് 12 പേരെ കൂടി ബിജെപി നടപടി എടുത്തു. ഡിസംബർ അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന നിയമസഭാ സീറ്റുകളിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ നാമനിർദേശ പത്രിക സമർപ്പിച്ചവര്‍ക്കെതിരെ ആറുവര്‍ഷത്തെ സസ്പെന്‍ഷനാണ് ബിജെപി നല്‍കിയിരിക്കുന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 വിമതരെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അച്ചടക്ക നടപടി സ്വീകരിച്ച് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ പത്രക്കുറിപ്പിൽ പറഞ്ഞു. സസ്പെന്‍ഷന്‍ കിട്ടിയ 12 പേരില്‍ പദ്രയിലെ മുൻ എംഎൽഎ ദിനു പട്ടേൽ, ബയാദിലെ മുൻ എംഎൽഎ ധവൽസിൻഹ് സാല എന്നിവരും ഉൾപ്പെടുന്നു.
കുൽദീപ്‌സിംഗ് റൗൾ (സാവ്‌ലി), ഖതുഭായ് പഗി (ഷെഹ്‌റ), എസ് എം ഖാന്ത് (ലുനാവാഡ), ജെ പി പട്ടേൽ (ലുനവാഡ), രമേഷ് സാല (ഉംരേത്ത്), അമർഷി സാല (ഖംഭട്ട്), രാംസിൻ താക്കൂർ (ഖേരാലു), മാവ്ജി ദേശായി (ധനേര) ലെബ്ജി താക്കൂർ (ദീസ) എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. പ്രചാരണ രംഗത്ത് പുറകിലായ കോൺഗ്രസ് അവസാന ലാപ്പിൽ ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ്.
ഗുജറാത്തിലെ ആകെയുള്ള 182 അസംബ്ലി സീറ്റുകളിൽ 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനും ബാക്കിയുള്ള 93 സീറ്റുകളിൽ ഡിസംബർ 5 നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും.
പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിൽ ബിജെപിയും ആംആദ്മിയും തമ്മിലായിരുന്നു നേർക്കുനേർ. പ്രചാരണ വേദികളിൽ നേതാക്കുടെ വാക്പോര്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് ആപ്പ് വോട്ട് തേടിയതോടെ ബിജെപി വെട്ടിലായി.ബിജെപിയുടെ അക്കൗണ്ടിൽ വരേണ്ട വോട്ടുകളും ആപ്പിന് പോവുമോ എന്ന പേടി പാർട്ടിക്കുണ്ട്.
അയോധ്യയിലേക്കുള്ള സൗജന്യയാത്ര ആംആദ്മിയുടെ വാഗ്ദാനമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതൽ അരവിന്ദ് കെജരിവാളിന്‍റെ പ്രസംഗങ്ങളും പ്രസ്താവനകളും ഈ മട്ടിൽ തന്നെയാണ് . കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്നു പറഞ്ഞതും ഗുജറാത്ത് മുന്നിൽ കണ്ട് തന്നെ.
അതായത് പരമ്പരാഗതമായി ബിജെപി നേതാക്കൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ഗുജറാത്തിൽ ആംആദ്മി പാർട്ടി പ്രയോഗിക്കുകയാണ്. ദേവ ഭൂമി ദ്വാരകയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമ്പോഴും ഈ ലക്ഷ്യമാണ് കെജരിവാളിന്‍റെ മനസിൽ. ചുരുക്കത്തിൽ ഗുജറാത്തിൽ കോൺഗ്രസ് വോട്ട് ഭിന്നിപ്പിക്കാനെത്തിയവരെന്ന പഴികേൾക്കുന്ന ആപ്പിന് അതിനുമപ്പുറം വലിയ ലക്ഷ്യങ്ങളുണ്ട്.
നഗര വോട്ടുകൾ ആംആദ്മിക്ക് കൂടുതലായി കിട്ടുന്നതാണ് ചരിത്രം. ഗുജറാത്തിൽ ബിജെപിയുടെ വലിയ കോട്ടകളാണ് നഗര മണ്ഡലങ്ങൾ.കഴിഞ്ഞ തവണ 73ൽ 55ഉം ബിജെപിക്കൊപ്പം നിന്നു. ഈ കോട്ടകളിൽ വിള്ളലുണ്ടാവുമോ എന്ന പേടി ബിജെപിക്കുണ്ട്. ഫലം വരുമ്പോൾ എന്താവുമെന്ന് അറിയാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam