
രാജ്‌കോട്ട്: ഗുജറാത്തിലെ മോർബി ജില്ലയിൽ ഉപ്പ് പാക്കേജിങ് ഫാക്ടറിയിലെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് 12 പേർ കൊല്ലപ്പെട്ടു. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ സാഗർ സാൾട്ട് കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ജോലിയിൽ ഏർപ്പെട്ടിരുന്ന 30 തൊഴിലാളികളുടെ മേൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മതിലിന്റെ ഒരുഭാഗത്ത് സൂക്ഷിച്ച സിമന്റ് ബാഗുകളുടെ ഭാരം മൂലമാണ് മതിൽ തകർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെത്തിച്ചത്. സാഗർ സാൾട്ടിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. 12 അടി ഉയരവും 60-70 അടി നീളവുമുള്ള മതിലാണ് തകർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ ഹൽവാദിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam