'കൃഷി നോക്കി നടത്തണം'; പരോള്‍ ആവശ്യപ്പെട്ട് ആള്‍ദൈവം ഗുര്‍മീത് റാം റഹീം

By Web TeamFirst Published Jun 22, 2019, 7:11 PM IST
Highlights

 42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്. 

റോത്തക്ക്:  കൃഷി നോക്കി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ട് ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം.  രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റോത്തക്കിലെ ജയിലിലാണ് ഉള്ളത്. ഹരിയാനയിലെ സിര്‍സയിലെ തന്‍റെ കൃഷിസ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീതിന്‍റെ ആവശ്യം.   42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഗുര്‍മീതിന് പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ഗുര്‍മീതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്നെ കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി. ഗുര്‍മീതീന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ രേഖകള്‍  റവന്യു ഡിപ്പാര്‍ട്ട്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവാണ് ഗുര്‍മീതിന് വിധിച്ചത്. കൂടാതെ  മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍  ഗുർമീത് റാം റഹീമിന് ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു.

click me!