
ദില്ലി: അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാനഡയിലെ ബ്രാംപ്‌ടണിൽ റെക്കോർഡ് ചെയ്‌ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് പന്നു പറഞ്ഞിരിക്കുന്നത്.
"അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും" എന്നാണ് വീഡിയോയിൽ പന്നു പറയുന്നത്. ഈ വർഷം ജനുവരിയിൽ രാമക്ഷേത്രം തുറന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. നേരത്തെ, നവംബർ 1നും 19നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു.
പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്നുവിന്റെ നേതൃത്വത്തിൽ എസ്എഫ്ജെ നിരന്തരമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഖലിസ്ഥാന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യ ആവർത്തിച്ച് ആശങ്കകൾ ഉന്നയിക്കുന്നുണ്ടെങ്കിലും കാനഡയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ല. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ പ്രാധന കാരണങ്ങളിലൊന്നും ഇത് തന്നെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam