
ദില്ലി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. സർവ്വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. മൂന്നു നിർദ്ദേശങ്ങൾ ജസ്ററിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ചു. ഒന്നും അംഗീകരിക്കാനാകില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാട് അറിയിച്ചു.
നിലവിലെ കോടതി ഉത്തരവ് നല്കുക, കോടതി നടപടികൾക്കുള്ള സ്റ്റേ തുടരുക, ജില്ല കോടതിക്കു വിടുക എന്നിവയാണ് ജസ്ററിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ. അഞ്ഞൂറ് കൊല്ലമായുള്ള സ്ഥിതി ആസൂത്രിതമായി മാറ്റിയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.
സര്‍വ്വെ കമ്മീഷൻ റിപ്പോർട്ട് ചോർത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ട് മസ്ജിദ് കമ്മിറ്റി തള്ളി. കണ്ടത് ജലധാരയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. ഈ വാദത്തെ ഹിന്ദുസ്ത്രീകളുടെ അഭിഭാഷകൻ എതിര്‍ത്തു.
ശുചീകരണത്തിനുള്ള കുളം അടച്ചിടാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പരാതി പരിഗണിക്കാൻ നിയമപരമായ വിലക്കുണ്ടായിരുന്നോ എന്നത് ആദ്യം കേൾക്കാൻ വിചാരണകോടതിയോട് പറയാമെന്ന് സുപ്രീം കോടതി അറിയിച്ചു. മതസ്ഥാപനത്തിൻറെ സ്വഭാവം പരിശോധിക്കാനുള്ള സർവ്വെയ്ക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. ആരാധനാലയത്തിൻറെ സ്വഭാവം മാറ്റുന്നതിലാണ് നിയമത്തിൽ വിലക്കുള്ളത്. ശുചീകരണത്തിനുള്ള കുളം തുറക്കുന്നത് അനുവദിക്കരുതെന്ന് യുപി സർക്കാർ വാദിച്ചു.