
അമരാവതി: ദേശീയപാര്‍ട്ടി (National Party) രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനിടെ ദേശ പര്യടനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ( K. Chandrashekar Rao). വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മുതിര്‍ന്ന ടിആര്‍എസ് നേതാക്കള്‍ക്ക് ഒപ്പം കെസിആര്‍ ദില്ലിക്ക് തിരിച്ചു. ആം ആദ്മി, ജെഡിഎസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങി പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. അരവിന്ദ് കെജ്‍രിവാള്‍, ഭഗവന്ത് മാന്‍, ഹേമന്ദ് സോറന്‍, ദേവഗൗഡ, കുമാരസ്വാമി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
ഞയറാഴ്ച പഞ്ചാബ് സന്ദര്‍ശിക്കുന്ന ചന്ദ്രശേഖര്‍ റാവു കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. മരണപ്പെട്ട കര്‍ഷകരുടെ കുംടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് നല്‍കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും കാണും. പിണറായി വിജയന്‍, മമത ബാനര്‍ജി, എം കെ സ്റ്റാലിന്‍ അടക്കമുള്ളവരുമായി നേരത്തെ ഹൈദരാബാദിലെ വസതിയില്‍ ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണിക്കായി മുന്നിട്ടിറങ്ങിയ നോതാവാണ് ചന്ദ്രശേഖര്‍ റാവു. കേന്ദ്ര നയങ്ങള്‍ക്ക് എതിരെ പോരാടാന്‍ യഥാര്‍ത്ഥ പ്രതിപക്ഷ പാര്‍ട്ടിയുടെ വിടവ് ദേശീയതലത്തില്‍ ഉണ്ടെന്ന് നേരത്തെ കെസിആര്‍ ചൂണ്ടികാട്ടിയിരുന്നു. ടിആര്‍എസ്സിനെ ഭാരതീയ രാഷ്ട്ര സമിതിയാക്കി മാറ്റി ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് ശക്തമായൊരു ദേശീയ പാര്‍ട്ടി ആവശ്യമാണന്ന് കെസിആര്‍ ചൂണ്ടികാട്ടി.
ഇതിന്‍റെ ഭാഗമായി ദില്ലിയില്‍ പുതിയ ഓഫീസ് തുറക്കും. ദേശീയ സഖ്യങ്ങള്‍ ഒന്നും വിജയിച്ചില്ലെന്നും ശക്തമായൊരു ദേശീയ പാര്‍ട്ടിയാണ് ഇപ്പോള്‍ വേണ്ടതെന്നും കെസിആര്‍ പറഞ്ഞു. ടിആര്‍എസ്സിന്‍റെ സ്ഥാപക ദിനത്തിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്‍റെ പരാമര്‍ശം. രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമായെന്ന് നേരത്തെ ടിആര്‍എസ് പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസ് ഇല്ലാത്ത ഫെഡറല്‍ സഖ്യത്തിന് കെസിആര്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോറിന്‍റെ ഐപാക്കുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് കെസിആറിന്‍റെ പ്രതികരണം.
'ബിജെപിയെ ജനങ്ങള്‍ക്ക് വിശ്വാസം', ഭാഷാ വിവാദത്തില്‍ അമിത് ഷായ്ക്ക് തിരുത്ത്, വിവാദം അനാവശ്യമെന്ന് മോദി
ജയ്പൂര്‍: ബിജെപിയില്‍ (BJP) ജനങ്ങള്‍ക്ക് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത്. സന്തുലിത വികസനത്തിന്‍റെയും സാമൂഹ്യ നീതിയുടെയുംഎട്ട് വര്‍ഷങ്ങളാണ് കഴിഞ്ഞത്. 2014 വരെ സര്‍ക്കാരുകളില്‍ നിന്ന് ജനം ഒന്നും പ്രതീക്ഷിച്ചില്ല. ഇന്ന് ജനങ്ങള്‍ പൂര്‍ണ്ണ പ്രതീക്ഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ സ്വപ്നം സാക്ഷാത്കരിക്കും. അതുവരെ വിശ്രമമില്ല. ലോകം ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. 25 വർഷത്തേക്കുള്ള കർമ്മപദ്ധതി തയ്യാറാക്കണം. സർക്കാരിന്‍റെ ഉത്തരവാദിത്തം കൂടി. തെരഞ്ഞെടുപ്പ് വിജയങ്ങൾ ആത്മവിശ്വാസം കൂട്ടിയെന്നും ജയ്പൂരില്‍ നടക്കുന്ന ബിജെപി ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭാഷ വിവാദത്തില്‍ അമിത് ഷായെ പ്രധാനമന്ത്രി തിരുത്തുകയും ചെയ്തു. വിവാദം അനാവശ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി എല്ലാ ഭാഷകളെയും ഒരുപോലെയാണ് കാണുന്നത്. പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവാണ്. വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. പ്രാദേശിക ഭാഷകളോടുള്ള ബിജെപിയുടെ പ്രതിബദ്ധത തെളിയിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.