ഹേമന്ത് കര്‍ക്കറെയെ ഞാന്‍ ശപിച്ചിരുന്നെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍; കൈയടിച്ച് ബിജെപി നേതാക്കള്‍

By Web TeamFirst Published Apr 19, 2019, 2:02 PM IST
Highlights

രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ നിങ്ങളെ കൊല്ലുമെന്ന് ഞാന്‍ അയാളോട് പറഞ്ഞെന്ന് പ്രഗ്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രഗ്യയുടെ വാക്കുകള്‍  കൂടെയെത്തിയ ബിജെപി  നേതാക്കള്‍ കൈയടിച്ചാണ് എതിരേറ്റത്. 

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയെ താന്‍ ശപിച്ചിരുന്നെന്ന് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂര്‍. രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ നിങ്ങളെ കൊല്ലുമെന്ന് ഞാന്‍ അയാളെ ശപിച്ചിരുന്നുന്നെന്ന് അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രഗ്യയുടെ വാക്കുകള്‍  കൂടെയെത്തിയ ബിജെപി  നേതാക്കള്‍ കൈയടിച്ചാണ് എതിരേറ്റത്.  തനിക്കെതിരെ കര്‍ക്കറെ  വ്യാജമായ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

പ്രഗ്യ സിങ് ഠാക്കൂറിന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയെ അധിക്ഷേപിച്ചെന്ന് വിമര്‍ശനമുയര്‍ന്നു. പ്രഗ്യ സിങ് പ്രതിചേര്‍ക്കപ്പെട്ട മാലാഗാവ് സ്ഫോടനം അന്വേഷിച്ചത് ഹേമന്ത് കര്‍ക്കറെയായിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രഗ്യ സിങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പ്രഗ്യയ്ക്ക് 2015ല്‍ എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍. വിചാരണ കോടതി തള്ളി. 

26/11ലെ മുംബൈ ഭീകരാക്രമണത്തിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍റെ കൊലപാതകവുമായി നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പ്രഗ്യയുടെ പുതിയ പ്രസ്താവന. 

click me!