
മാർച്ച് പതിനാലിന് ടോം വടക്കൻ കോൺഗ്രസ് വിട്ടപ്പോൾ പ്രിയങ്കാ ചതുർവേദി പറഞ്ഞത് ടോം വടക്കന്റേത് അവസരവാദപരമായ നിലപാടാണ് എന്നായിരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങൾ വടക്കന്റെ നടപടിയെ വിലയിരുത്തിക്കോളും എന്നും അന്നവർ പറഞ്ഞിരുന്നു. പത്തുമുപ്പതു വർഷക്കാലം ഉന്നതസ്ഥാനങ്ങൾ നൽകി പരിഗണിച്ച കോൺഗ്രസ് പാർട്ടിയെ വിട്ട്, ഒരു തെരഞ്ഞെടുപ്പടുത്ത വേളയിൽ തലേന്ന് വരെ താൻ ഘോരഘോരം വിമര്ശിച്ചിരുന്ന ബിജെപിയെപ്പോലെ ഒരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ എങ്ങനെയാണ് ടോം വടക്കന് കഴിയുന്നത് എന്നും അവർ അന്ന് ആശ്ചര്യപ്പെട്ടിരുന്നു.
"
എന്നാൽ മഥുരയിൽ വെച്ച് തന്റെ നേർക്ക് മോശമായി പെരുമാറിയ സ്വന്തം പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്ക് മേൽ UPCC എടുത്ത അച്ചടക്ക നടപടി പിൻവലിച്ചതാണോ പ്രിയങ്കാ ചതുർവേദിയുടെ തെരഞ്ഞെടുപ്പ് മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴുള്ള ഈ രാജിക്കു കാരണം..?
അത് മാത്രമാണോ അവരുടെ രാജിക്ക് കാരണം..? മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു. ആ സീറ്റ് അവർക്ക് നൽകാതെ കോൺഗ്രസ് ഈയടുത്ത് പാർട്ടിയിൽ ചേർന്ന സുപ്രസിദ്ധ സിനിമാ താരം ഊർമിളാ മധോങ്കറിന് വെച്ചു നീട്ടിയത് പ്രിയങ്കയെ മുഷിപ്പിച്ചു. ആ മുഷിവ് നിലനിൽക്കെ, തനിക്കെതിരെ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടി തിരിച്ചെടുക്കുക കൂടി ചെയ്തതോടെ അവരുടെ രോഷം ഇരട്ടിക്കുകയും അവർ രാജിയിലേക്ക് നീങ്ങുകയും ചെയ്യുകയാണുണ്ടായത് എന്ന് ഹിന്ദി വെബ് പോർട്ടൽ ആയ ലല്ലൻടോപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
കോൺഗ്രസ് വിട്ട പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേരാനിടയുണ്ടെന്ന് ഓപ് ഇന്ത്യ എന്ന വെബ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ശിവസേനയും മുംബൈ നോർത്ത് ഈസ്റ്റ് സീറ്റിലേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് അവർക്ക് അവിടെ നിന്നും സീറ്റൊന്നും കിട്ടാനിടയില്ല.
എന്തായാലും, ടോം വടക്കന്റെ പാർട്ടിമാറ്റത്തെപ്പറ്റി പ്രിയങ്ക ഒരു മാസം മുമ്പ് പറഞ്ഞുവെച്ച വാക്കുകൾ പൊതുമണ്ഡലത്തിൽ നിലനിൽക്കെ, ഇനി പ്രിയങ്കാ ചതുർവേദിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നറിയാൻ പൊതുജനം സാകൂതം കാത്തിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam