
ഗംഗാവതി: ആഗോള പൈതൃക കേന്ദ്രമായ ഹംപിക്ക് സമീപം വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതികളായ മല്ലേഷ്, സായ്, ശരണപ്പ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. ഗംഗാവതി ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി സദാനന്ദ നാഗപ്പ നായിക് ആണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. 2025 മാർച്ച് 6-ന് രാത്രി സനാപൂർ തടാകത്തിന് സമീപമാണ് സംഭവം. നക്ഷത്ര നിരീക്ഷണം നടത്താൻ പുറത്തിറങ്ങിയ അഞ്ചംഗ വിനോദസഞ്ചാരി സംഘത്തിന് നേരെയാണ് പ്രതികൾ അക്രമം നടത്തിയത്.
ഇസ്രായേൽ യുവതി, ഹോംസ്റ്റേ ഉടമ എന്നിവരടങ്ങുന്ന സംഘം തുംഗഭദ്ര കനാലിന് സമീപം സംഗീതം ആസ്വദിച്ചിരിക്കുകയായിരുന്നു. മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ ആദ്യം പെട്രോൾ പമ്പിനെക്കുറിച്ച് തിരക്കുകയും തുടർന്ന് പണം ആവശ്യപ്പെട്ട് സംഘത്തെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ മൂന്ന് പുരുഷന്മാരെ പ്രതികൾ കനാലിലേക്ക് തള്ളിയിട്ടു. തുടർന്ന് ഹോംസ്റ്റേ ഉടമയെയും ഇസ്രായേൽ യുവതിയെയും പ്രതികൾ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ പണവും മൊബൈൽ ഫോണും കവർന്ന് കടന്നുകളയുകയും ചെയ്തു.
കനാലിൽ വീണവരിൽ രണ്ട് വിദേശികൾ രക്ഷപ്പെട്ടെങ്കിലും ഒഡീഷ സ്വദേശിയായ വിനോദസഞ്ചാരി മുങ്ങിമരിച്ചു. അടുത്ത ദിവസം രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെട്ട കേസ് എന്ന നിലയിൽ രാജ്യാന്തര തലത്തിൽ തന്നെ ഈ സംഭവം വലിയ ചർച്ചയായിരുന്നു. കുറ്റം നടന്ന് പതിനൊന്ന് മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസിനും പ്രോസിക്യൂഷനും സാധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam