'അവരെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റണം'; ആവശ്യവുമായി നിര്‍ഭയയുടെ അമ്മ

By Web TeamFirst Published Dec 13, 2019, 10:51 PM IST
Highlights

നിര്‍ഭയ കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റുമെന്ന് അഭ്യൂഹം പരന്നെങ്കിലും സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റിയതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും. 

ദില്ലി: ദില്ലിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി നിര്‍ഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ. 2012 ഡിസംബര്‍ 16ന് രാത്രിയാണ് ദില്ലിയില്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ദിവസം പ്രതികളിലൊരാള്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ അപ്പീലിനെതിരെ നിര്‍ഭയയുടെ അമ്മയും സുപ്രീം കോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചു. ഡിസംബര്‍ 17ന് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും.

പ്രതികള്‍ തൂക്കിലേറ്റപ്പെടും വരെ നിയമപോരാട്ടം തുടരുമെന്നും അമ്മ പറഞ്ഞു. എനിക്ക് അവളെ ഇല്ലാതാക്കിയവരുടെ വധശിക്ഷ നടപ്പാക്കും വരെ ഞാന്‍ പോരാട്ടം തുടരും. ഡിസംബര്‍ 16ന് മുമ്പ് അവരെ തൂക്കിലേറ്റണമെന്നാണ് എന്‍റെ ആവശ്യമെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് മരണവാറന്‍റ് നല്‍കണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ 18ന് പരിഗണിക്കും.  

നിര്‍ഭയ കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റുമെന്ന് അഭ്യൂഹം പരന്നെങ്കിലും സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റിയതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും. വധശിക്ഷ നടപ്പാക്കാനായി ഉത്തര്‍പ്രദേശില്‍ നിന്ന് ആരാച്ചാരെ എത്തിച്ചിരുന്നു. നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സുപ്രീം കോടതി ഹര്‍ജികളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചാല്‍ ഡിസംബര്‍ 29ന് മുമ്പ് വധശിക്ഷ നടപ്പക്കിയേക്കുമെന്നും സൂചനയുണ്ട്.

സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 29നാണ് നിര്‍ഭയ മരണത്തിന് കീഴടങ്ങിയത്. ആറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മൂന്ന്  വര്‍ഷത്തിന് ശേഷം ജുവനൈല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ച് പ്രതികളില്‍ ഒരാള്‍ ജയിലില്‍ തൂങ്ങിമരിക്കുകയും ചെയ്തു. 

click me!