സമയ പരിധി നീട്ടണം എങ്കിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണം എന്ന് സുപ്രീം കോടതി
ദില്ലി: കേരളത്തിലെ എസ്ഐആറിൽ തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. നിവേദനങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനം എടുക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. നിലവിൽ 25 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി എന്ന് കോടതിയെ അറിയിച്ചിരുന്നു.
അതേ സമയം, സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം വഴി വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്താകുന്നവര്‍ 24.81 ലക്ഷം പേരാണ്. പൂരിപ്പിച്ച് കിട്ടിയ മുഴുവൻ എന്യൂമറേഷൻ ഫോമുകളുടെയും ഡിജിറ്റൈസേഷൻ പൂര്‍ത്തിയായി. ചൊവ്വാഴ്ച കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ സൈബര്‍ പൊലീസിന് സമീപിക്കും.
എസ്ഐആറിന് പരിഗണിച്ച ഒക്ടോബറിലെ പട്ടികയിലുണ്ടായിരുന്നത് 2.78 കോടി വോട്ടര്‍മാരാണ്. എന്യൂമേറഷൻ ഫോം സമര്‍പ്പിക്കാനുള്ള സമയം തീരുമ്പോള്‍ പട്ടികയിൽ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്. മരിച്ചവര്‍, ബിഎൽഒമാര്‍ക്ക് കണ്ടെത്താനാകാത്തവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം ബൂത്തിൽ പേരുള്ളവര്‍, ഫോം പൂരിപ്പിച്ച് നൽകാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. എന്നാൽ ഒഴിവാക്കുന്നവരുടെ പട്ടികയിൽ ഒടുവിൽ ചേര്‍ന്ന യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പട്ടിക ബൂത്ത് തിരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കരട് പട്ടികയ്ക്ക് ഒപ്പം ഒഴിവാക്കുന്നവരുടെ പട്ടികയും ചൊവ്വാഴ്ച പുറത്തിറക്കും. ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും അറിയിക്കാം. നിശ്ചിത സമയത്തിനുള്ളിൽ ഫോം നൽകാൻ കഴിയാത്തവര്‍ക്ക് സത്യവാങ്മൂലത്തിനൊപ്പം അപേക്ഷ നൽകിയാൽ പേരു ചേര്‍ക്കാം. പേര് ഒഴിവാക്കാനും തിരുത്തലിനും അപേക്ഷിക്കാം. ആവശ്യമായ വിവരങ്ങള്‍ നൽകാത്തവരെ ഹിയറിങ്ങിന് വിളിക്കും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 നാണ് . ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ പേരു ചേര്‍ക്കാം.
എസ്ഐആറിന് ശേഷം 5034 പോളിങ് ബൂത്തുകള്‍ പുതുതായി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സമയം നീട്ടണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെടുമ്പോഴാണ് നവംബര്‍ നാലിന് തുടങ്ങിയ ഫോം വിതരണവും ഡിജിറ്റൈസേഷനും ഇന്ന് അവസാനിപ്പിക്കുന്നത്. ഡിസംബര്‍ നാലിനായിരുന്നു ആദ്യ നിശ്ചയിച്ച സമയ പരിധി. രണ്ടു തവണയായി രണ്ടാഴ്ച നീട്ടുകയായിരുന്നു.



