കർണാടകയിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതി പ്രകാരം ഗതാഗത കോർപ്പറേഷനുകൾക്ക് സർക്കാർ 4000 കോടി രൂപ കുടിശ്ശിക വരുത്തി. ഇത് കോർപ്പറേഷനുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബെംഗളൂരു: കർണാടകയിലെ എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന ശക്തി പദ്ധതി പ്രകാരം നാല് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് 4,000 കോടിയിലധികം രൂപ കുടിശ്ശികയായി നൽകാനുണ്ടെന്ന് കർണാടക സർക്കാർ. ശൈത്യകാല നിയമസഭാ സമ്മേളനത്തിൽ കർണാടക സർക്കാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നിവയിൽ ഏകദേശം 650 കോടി ഗുണഭോക്താക്കൾ സൗജന്യ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതി ആരംഭിച്ച 2023 ജൂൺ 11 ന് മുതൽ സൗജന്യ ബസ് യാത്രയുടെ കുടിശ്ശിക കോർപ്പറേഷനുകൾക്ക് നൽകിയിട്ടില്ലെന്നും പറയുന്നു. 2023-24 ൽ 1,180.62 കോടി രൂപയും 2024-25 ൽ 1,170.45 കോടി രൂപയും 2025-26 നവംബർ 25 വരെ 1,655.40 കോടി രൂപയുമാണ് കുടിശ്ശിക. മൊത്തം 4,006.47 കോടി രൂപ കുടിശ്ശിക വരുത്തി.
പദ്ധതിക്കായി ഇതുവരെ 11,748 കോടി രൂപ അനുവദിച്ചതായി സർക്കാർ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, കുടിശ്ശിക കൊടുത്ത് തീർക്കാത്തത് ഗതാഗത കോർപ്പറേഷനുകളുടെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ആരോപണമുയർന്നു.
റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളെ (ആർടിസി) പാപ്പരാക്കിയെന്നും പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളെ അപകടത്തിലാക്കിയെന്നും ആരോപിച്ച് ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ചാലുവാടി നാരായണസ്വാമി സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ ഇതിനകം തന്നെ കനത്ത നഷ്ടം നേരിടുന്നുണ്ട്. ഗ്യാരണ്ടി സ്കീം നടപ്പിലാക്കിയതിനുശേഷം, സർക്കാർ കൃത്യമായി പണം നൽകാത്തതിനാൽ നഷ്ടം കൂടുതൽ വർദ്ധിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കോർപ്പറേഷനുകളെ രക്ഷിക്കുന്നതിനുപകരം, കോൺഗ്രസ് സർക്കാർ അവരെ കൂടുതൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണ്. ആർടിസികളെ നഷ്ടത്തിൽ നിന്ന് കരകയറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അവരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശക്തി പദ്ധതി സ്ത്രീപക്ഷ ശാക്തീകരണ പദ്ധതിയായി തുടരുന്നുവെന്നും പൊതുഗതാഗത ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായെന്നും ഭരണകക്ഷിയായ കോൺഗ്രസ് വാദിച്ചു. പദ്ധതി പ്രകാരം 11,000 കോടിയിലധികം രൂപ അടച്ചു. ആർടിസികൾക്ക് വായ്പ നൽകിയിട്ടുണ്ട്. ഈ കുടിശ്ശിക തുകയും നൽകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ, എന്നാൽ ബിജെപി സ്ത്രീ വിരുദ്ധമാണ്, അതുകൊണ്ടാണ് അവർ അനാവശ്യമായി ഈ വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും ഗതാഗത മന്ത്രി രാമലിംഗ പറഞ്ഞു.
