
ദില്ലി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' നാളെ മുതൽ. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.
സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകൾക്ക് മുകളിൽ ഉയർത്താനുള്ള പതാകകൾ നിർമിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ മുഖേന പതാകകൾ വീടുകളിലെത്തും. 30 രൂപയാണ് ഒരു കുട്ടിയിൽ നിന്ന് ഇതിനായി ഈടാക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പതാക വിതരണം ഇന്ന് നടക്കും.
20 രൂപ മുതൽ 120 രൂപ വരെയുള്ള ദേശീയ പതാകകൾ; കോടികൾ വരുമാനം നേടാൻ കുടുബശ്രീ
'ഹർ ഗർ തിരംഗ', (എല്ലാ വീടുകളിലും പതാക) പദ്ധതിക്കായി 50 ലക്ഷം ദേശീയ പതാകകളാണ് കുടുംബശ്രീ സംസ്ഥാന വ്യാപകമായി തയ്യാറാക്കിയിട്ടുള്ളത്. കുടുംബശ്രീയുടെ എഴുന്നൂറോളം തയ്യൽ യൂണിറ്റുകളിൽ നാലായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമാണത്തിൽ പങ്കാളികളായത്. ദേശീയ പതാകയുടെ അളവായ 3:2 എന്ന അനുപാതത്തിൽ തന്നെയാണ് കുടുംബശ്രീ അംഗങ്ങൾ പതാക നിർമ്മിക്കുന്നത്. ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് ദേശീയ പതാകകൾ നിർമിച്ചിരിക്കുന്നത്. 20 രൂപ മുതൽ 120 രൂപ വരെയാണ് പതാകയുടെ വില. ഇതിലൂടെ ഒരു കോടിയിലേറെ രൂപയുടെ വരുമാനം കുടുബശ്രീക്ക് നേടാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അളവ് തെറ്റിച്ച് പതാക, ഇടുക്കിയിൽ വിവാദം; പതാകകൾ കുടുംബശ്രീ തിരിച്ചുവാങ്ങി
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ ഇടുക്കിയിൽ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകൾ. തെറ്റു കണ്ടെത്തിയതിനെ തുടന്ന് ഒരു ലക്ഷത്തിലധികം പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പതാകയാണ് നിർമാണത്തിലെ അപാകത മൂലം പാഴായത്. സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് തേടി
'ദേശീയപതാക വാങ്ങിയില്ലെങ്കിൽ റേഷനില്ല'; സംഭവം നാണക്കേടെന്ന് ബിജെപി എംപി വരുൺ ഗാന്ധി
റേഷൻകടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാൻ നിർബന്ധിച്ച സംഭവം നാണക്കേടാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തായിരുന്നു വരുൺ ഗാന്ധിയുടെ ആരോപണം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം പാവങ്ങൾക്ക് ഭാരമാവുന്നത് ദൗർഭാഗ്യകരമാണെന്നും വരുൺ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കാൻ വീടുകളിൽ ദേശീയ പതാക ഉയര്‍ത്തുന്നതിന് പുറമേ ദേശീയ ഗാനം ആലപിക്കാനും ആഹ്വാനം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദില്ലി സർക്കാർ രാജ്യതലസ്ഥാനത്തുടനീളം 25 ലക്ഷം ദേശീയ പതാകകൾ വിതരണം ചെയ്യുമെന്ന് കെജ്രിവാള്‍ അറിയിച്ചു. ദില്ലിയിലെ ഓരോ ഗല്ലികളിലും,മൊഹല്ല"യിലും, ഓരോ ചൗക്കിലും ദേശീയ പതാക വിതരണം ചെയ്യും. അതിലൂടെ ജനങ്ങള്‍ക്ക് അവരുടെ കൈകളിൽ ത്രിവർണ പതാകയും ഹൃദയത്തിൽ ദേശസ്നേഹവുമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ കഴിയുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam