പൊലീസ് അറസ്റ്റ് ചെയ്ത ജനുവരി 18 മുതല്‍ ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ

By Web TeamFirst Published Feb 10, 2020, 10:24 PM IST
Highlights

പൊലീസ് തുടര്‍ച്ചയായി വീട്ടില്‍ പരിശോധനക്കെത്തുന്നു. അദ്ദേഹം എവിടെയെന്ന് ചോദിക്കുന്നു. പക്ഷേ പൊലീസ് അറസ്റ്റിന് ശേഷം അദ്ദേഹം എവിടെയാണെന്ന് വിവരമില്ലെന്നും ഭാര്യ പറഞ്ഞു.

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും പട്ടേല്‍ സമരനേതാവുമായ ഹര്‍ദിക് പട്ടേലിനെക്കുറിച്ച് ജനുവരി 18 മുതല്‍ ഒരുവിവരവുമില്ലെന്ന് ഭാര്യ. 2015ലെ പട്ടേല്‍ വിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ നടത്തിയ സമരത്തില്‍ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കേസില്‍ ജനുവരി 18നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നാല് ദിവസത്തിന് ശേഷം ഹര്‍ദിക്കിന് ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളില്‍ വീണ്ടും അറസ്റ്റിലായി. ജനുവരി 24ന് ഈ കേസുകളിലും ജാമ്യം ലഭിച്ചു. എന്നാല്‍, വിചാരണക്ക് ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി ഫെബ്രുവരി ഏഴിന് വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 

എന്നാല്‍, അറസ്റ്റിലായതിന് ശേഷം ഹര്‍ദിക് പട്ടേലിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഭാര്യ കിന്‍ജല്‍ പറഞ്ഞു. പൊലീസ് തുടര്‍ച്ചയായി വീട്ടില്‍ പരിശോധനക്കെത്തുന്നു. അദ്ദേഹം എവിടെയെന്ന് ചോദിക്കുന്നു. പക്ഷേ പൊലീസ് അറസ്റ്റിന് ശേഷം അദ്ദേഹം എവിടെയാർണെന്ന് വിവരമില്ലെന്നും അവര്‍ പറഞ്ഞു.സമരത്തില്‍ പങ്കെടുത്ത 1500 പേര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ സമരം നടക്കുന്നുണ്ട്. ഹര്‍ദിക് പട്ടേലിനെതിരെ 20ഓളം കേസുകളാണ് സംസ്ഥാനത്ത് ചുമത്തിയിരിക്കുന്നത്. 

click me!