
ദില്ലി: മാരകമായ അസുഖങ്ങൾ ബാധിച്ച് പ്രതിവിധികളില്ലാതെ മരണം കാത്ത് വർഷങ്ങളോളം നരക യാതനയിൽ കഴിയുന്നവരുടെ ദയനീയാവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന നിർണായ വിധിയാണ് സുപ്രീം കോടതി യുപി സ്വദേശിക്ക് ദയാവധത്തിനുള്ള അനുമതിയിലൂടെ നൽകിയിട്ടുള്ളത്. പ്രതീക്ഷയില്ലാത്ത അവസ്ഥയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും അനാവശ്യമായ വേദനയിൽ നിന്ന് മോചനം നേടാൻ ഇന്ത്യയിലെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വഴിത്തിരിവാണ് ഹരീഷ് റാണ കേസ്. ഏതവസ്ഥയിലുള്ള വ്യക്തിയുടേയും ജീവന് പ്രാധാന്യം നൽകുന്ന ധാർമ്മികതയെ പുൽകുന്ന സംസ്കാരങ്ങളിലൊന്നാണ് ഭാരതം കാലങ്ങളായി പിന്തുടർന്നിരുന്നത്. 2018ലാണ് രാജ്യത്ത് ദയാവധം നിയമ വിധേയമാക്കിയുള്ള സുപ്രീം കോടതി വിധി ഇന്ത്യയിൽ വരുന്നത്. ലൈംഗികപീഡനത്തിനിരയായി 1973 മുതൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വനിതയാണ് അരുണ ഷാൻബാഗിന് ദയാവധം അനുവദിച്ച് കിട്ടാൻ പിങ്കി വിരാനി നടത്തിയ നിയമപോരാട്ടം നിരാശയിൽ ആണ് അവസാനിച്ചത്. 42 വർഷത്തോളം കോമയിൽ കഴിഞ്ഞ അരുണ ഷാൻബാഗ് ഒടുവിൽ ന്യൂമോണിയ ബാധിതയായാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെ എൻജിഒ ആയ കോമൺ കോസ് നൽകി പൊതുതാൽപര്യ ഹർജിയിൽ ആണ് കർശനമായ മാനദണ്ഡങ്ങളോടെ 2018ലാണ് ദയാവധം നിയമ വിധേയമാക്കിയത്. സർക്കാർ, മെഡിക്കൽ, മതസ്വാധീനങ്ങളിൽ നിന്നും വ്യക്തിയുടെ വിവേചനാധികാരത്തെ ഉയർത്തിക്കാട്ടിയ സുപ്രധാന വിധിയാണ് ഈ ഉത്തരവിനെ വിലയിരുത്താനാവുക.
സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ലെന്ന് ഉറപ്പുള്ള സാഹചര്യങ്ങളിൽ രണ്ട് രീതിയിലായിരുന്നു ദയാവധത്തിന് അനുമതിയുള്ളത്. മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ വെന്റിലേറ്ററിന്റെ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടും ജീവച്ഛവമായി കഴിയുന്ന അവസ്ഥയിൽ നൽകുന്ന ആഹാരത്തിന്റെ അളവ് ക്രമേണ കുറച്ച് അതിനസരിച്ച് അന്താരാഷ്ട്ര നിർദ്ദേശങ്ങളനുസരിച്ചുള്ള വേദനസംഹാരികൾ ചേർത്ത് നൽകുന്നതു വഴിയായിരുന്നു ഇത്. മാരകമായ മരുന്ന് നൽകി ഒരാളുടെ ജീവൻ എടുക്കുന്ന ആക്റ്റീവ് ദയാവധം ഇന്ത്യയിൽ നിയമ വിരുദ്ധമാണ്. ഇത്തരം പ്രവർത്തി ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. എന്നാൽ ജീവൻ നിലനിർത്തുന്ന ചികിത്സാ സംവിധാനങ്ങൾ പിൻവലിച്ച് പ്രകൃതിദത്തമായ മരണം അനുവദിക്കുന്നതാണ് പാസീവ് ദയാവധം. ഈ രീതിയിൽ രോഗിക്ക് അന്തസോടെ മരിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് കോടതി ചെയ്തത്. രാജ്യത്ത് ദയാവധം നിയമ വിധേയമാക്കിയ ശേഷം ആദ്യമായി ദയാവധത്തിന് വിധേയനാവാൻ അനുമതി ലഭിച്ചത് യുപി സ്വദേശിയായ ഹരീഷ് റാണയ്ക്ക് ആണ്. 2013-ൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷ് റാണ, കഴിഞ്ഞ 13 വർഷമായി ജീവച്ഛവമായി കഴിയുന്ന അവസ്ഥയിലായിരുന്നു ഹരീഷ് റാണയുണ്ടായിരുന്നത്. തന്റെ മകന് അന്തസ്സോടെ മരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരീഷിന്റെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരീഷിന് ജീവൻ നിലനിർത്താനായി നൽകുന്ന കൃത്രിമ ഭക്ഷണവും ജലവും പിൻവലിക്കാനാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഹരീഷ് അനുമതി നൽകിയത്. ഇന്ത്യയിൽ കോടതി ദയാവധത്തിന് അനുമതി നൽകുന്ന ആദ്യ സംഭവമാണിത്.
നേരത്തെ 2018-ലെ 'കോമൺ കോസ്'കേസിലെ വിധിപ്രകാരം ദയാവധത്തിന് കർശനമായ മാനദണ്ഡങ്ങളുണ്ടായിരുന്നു. എന്നാൽ ഹരീഷ് റാണ കേസിൽ ഒരു രോഗി വെന്റിലേറ്ററിൽ അല്ലെങ്കിലും കൃത്രിമമായി ഭക്ഷണം നൽകി ജീവൻ നിലനിർത്തുന്ന സാഹചര്യത്തിലും ദയാവധം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദില്ലി ഹൈക്കോടതി നേരത്തെ ഈ അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ആ തീരുമാനം തിരുത്തുകയും എയിംസിലെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം അനുമതി നൽകുകയുമായിരുന്നു. സുഖപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത രോഗിയെ കൃത്രിമ മാർഗങ്ങളിലൂടെ ജീവിപ്പിക്കുന്നത് ആ വ്യക്തിയോട് ചെയ്യുന്ന ക്രൂരതയാണെന്നും അത് ചികിത്സയല്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ഹരീഷ് റാണയ്ക്ക് ദയാവധത്തിനുള്ള അനുമതി നൽകിയത്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശം വ്യക്തമാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21ൽ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കോടതി ഹരീഷ് റാണയ്ക്ക് ദയാവധ അനുമതി നൽകിയത്. രാജ്യത്തെ നിയമ വ്യവസ്ഥയിലും വൈദ്യശാസ്ത്രപരമായ ധാർമ്മികതയിലും വലിയ മാറ്റങ്ങൾക്കുളള അവസരം നൽകുന്നതാണ് കോടതി നടപടി. മരണം അനിവാര്യമായ ഘട്ടത്തിൽ അത് വേദനയില്ലാതെയും അന്തസ്സോടെയും ആയിരിക്കണമെന്ന മാനുഷിക പരിഗണനയ്ക്കാണ് ഇവിടെ മുൻഗണന ലഭിച്ചത്.ലോകമെമ്പാടും നിയമപരമായി ദയാവധത്തിന് അനുമതി നൽകിയിട്ടുള്ള വിവിധ രാജ്യങ്ങളുണ്ട്. ഓരോ രാജ്യത്തും ഇതിനുള്ള നിയമങ്ങൾ വ്യത്യസ്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam