
ദില്ലി: മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും പരിഭ്രമിക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. സാധ്യമായ എല്ലാ രീതിയിലും കേന്ദ്രം ഇടപെടുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തുന്നതായും പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
911123978046 എന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണ്‍ട്രോള്‍ റൂം നമ്പര്‍. എന്നാല്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഒരാഴ്ച പിന്നിട്ടിട്ടും എംബസിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് വുഹാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക വിമാനം അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം പരിഗണനയില്ലെന്ന് ചൈന അറിയിച്ചു.
മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തൃശ്ശൂര്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിനിയെ നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിച്ച് വിദ്യാര്‍ത്ഥിനിയെ അവിടേക്ക് ഉടന്‍ മാറ്റും. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിന് എല്ലാ ഒരുക്കുങ്ങളും നടത്തിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കൽ ടീമിലേക്ക് കൂടുതൽ അംഗങ്ങളെ എത്തിക്കാനും ഇനി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളെ നന്നായി നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍ യോഗം ചേരും. ഇതിനായി ആരോഗ്യവകുപ്പ് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തൃശ്ശൂരിലേക്ക് തിരിക്കും. തുടര്‍ന്നായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam