'ഭക്ഷണത്തിൽ എന്തോ കലർത്തിയ പോലെ, അവൾ പറഞ്ഞു', ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സഹോദരി

By Web TeamFirst Published Aug 24, 2022, 8:43 PM IST
Highlights

ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സംശയിച്ച് കുടുബം

ദില്ലി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സംശയിച്ച് കുടുബം.  തന്‍റെ ഭക്ഷണത്തിൽ വിഷം കലർത്തിയതായുള്ള സംശയം സൊനാലി മരിക്കുന്നതിന് മുമ്പ് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നതായി സഹോദരി വെളിപ്പെടുത്തി. സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഗോവ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പ്രത്യേക സംഘം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും.  അതേസമയം സൊണാലി ഫോഗട്ടിനെ തന്റെ രണ്ട് കൂട്ടാളികളാണ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് സഹോദരൻ ഗോവ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.

രണ്ട് ദിനം മുൻപാണ് ഒരു വെബ് സീരീസിന്‍റെ ആവശ്യങ്ങൾക്കായി സൊനാലി ഫോഗട്ട് വടക്കൻ ഗോവയിലെ ഹോട്ടലിലെത്തിയത്. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവിടെ എത്തുംമുൻപ് മരണം സംഭവിച്ചു. കടുത്ത ഹൃദയാഘാതമാണ് 42- കാരിയുടെ മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൂർണ ആരോഗ്യവതിയായ സൊനാലിക്ക് ഇങ്ങനെ സംഭവിക്കില്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

ചില സംശയങ്ങളുമുണ്ട്.  മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലി അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. തനിക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന പേടിയുണ്ടെന്ന് പറഞ്ഞു. ഭക്ഷണത്തിൽ എന്തോ ചേർത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സൊനാലി പറഞ്ഞതായി സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സിബിഐ പോലെ ഉന്നത ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. 

ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് കരുതിയിരിക്കെയാണ് മരണം. 2019ൽ ഇതേ സീറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് തോൽക്കുകയായിരുന്നു. ജയിച്ച കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഹിന്ദി ബിഗ്ബോസിന്‍റെ 14ആം പതിപ്പിലെ മത്സരാർഥിയെന്ന നിലയിലും പ്രശസ്തയാണ് സൊനാലി ഫോഗട്ട്.   

Read more:ബിജെപി നേതാവും ടിവി താരവുമായ സോനാലി ഫോ​ഗട്ട് അന്തരിച്ചു

ബിഗ് ബോസ്  സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്. ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു. 

click me!