
ഭുവനേശ്വർ: ഒഡീഷയിൽ ടെക്കി യുവതിയുടെ ആത്മഹത്യയിൽ കാമുകനയാ യുവാവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ഞായറാഴ്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഭദ്രക് സ്വദേശിനി ശ്വേത ഉത്കല്‍ കുമാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കാമുകനായ സൗമ്യജിത് മോഹപാത്രയ്‌ക്കെതിരെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. മരണത്തിന് മുമ്പ് 15 തവണയിൽ കൂടുതൽ കാമുകനെ യുവതി വിളിച്ചിരുന്നു. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഇയാൾ ശ്വേതയോട് പറഞ്ഞിരുന്നു. പിന്നാലെ സ്വകാര്യ ചിത്രങ്ങളടക്കം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ശ്വേത ആത്മഹത്യ ചെയ്തതെന്നും കുടുംബം പരാതിയിൽ ആരോപിക്കുന്നു.
ഐടി കമ്പനി ജീവനക്കാരിയായിരുന്നു ശ്വേത. ചന്ദ്രശേഖർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാടക വീട്ടിൽ ഞായറാഴ്ച രാവിലെയോടെയാണ് യുവതിയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാമുകനുമായി ശ്വേത സംസാരിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുടുംബവും സൌമ്യജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഫ്ലാറ്റിൽ നിന്ന് യുവതിയുടെ മൊബൈൽ ഫോണും ഡയറിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ വിവരങ്ങളിൽ നിന്നാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് 15 തവണയോളം സൌമ്യജിത്തിനെ ശ്വേത വിളിച്ചതായി തെളിഞ്ഞത്. എന്നാൽ ഇത്രയും തവണ വിളിച്ചിട്ടും ഇയാൾ ഫോൺ എടുത്തില്ലെന്നും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടെക്നിക്കൽ സഹായത്തോടെ ഫോൺ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. അതേസമയം യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. പ്രാഥമിക റിപ്പോർട്ടിൽ ശരീരത്തിൽ ആക്രമണത്തിന്റെയോ മറ്റ് പാടുകളോ ബാഹ്യ ഇടപെടലുകളുടെ സൂചനയോ ഇല്ലെന്നാണ് വിവരം. ഡയറിയും ഫോണും പരിശോധിക്കുകയും സൌമ്യജിത്തിനെ കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്താൽ മറ്റ് വിവരങ്ങളിൽ കൂടി വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam