
ദില്ലി: അഞ്ചു തത്വങ്ങളിലൂന്നിയ വികസന പദ്ധതിയിലൂടെ അടുത്ത ഇരുപത്തഞ്ച് കൊല്ലത്തിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ ജനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി. ദില്ലിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിൽ അമൃതാനന്ദമയി മഠം നിർമ്മിച്ച അമൃത ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി സ്പെഷാലിറ്റി അശുപത്രികളില്‍ ഒന്നാണിതെന്ന് മാതാ അമൃതാനന്ദമയീ മഠം അറിയിച്ചു.
ദില്ലി നഗരകേന്ദ്രത്തിൽ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ ഫരീദാബാദില്‍ 130 ഏക്കറിലാണ് ആശുപത്രി നിർമ്മിച്ചിട്ടുള്ളത്. മാതാഅമൃതാനന്ദമയിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഭാരതീയ വിശ്വാസ പ്രകാരം ചികിത്സ ഒരു സേവനമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മലയാളത്തിലും പ്രസംഗിച്ചു. ചികിത്സാ രംഗത്ത് ഗവേഷണത്തിന്‍റെ പ്രാധാന്യം എത്രത്തോളമാണെന്ന് കൊവിഡ് കാലത്ത് രാജ്യത്തിന് മനസിലായെന്നും വലിയൊരു സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമാകുന്നതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ മുഖ്യമന്ത്രി മനോഹർലാല്‍ ഘട്ടാർ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് പ്രസിഡന്‍റ് സ്വാമി അമൃതസ്വരൂപാനന്ദ, തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ പീഡിയാട്രിക് സൂപ്പർ സ്പെഷ്യാലിറ്റി സെന്‍റർ. സംപൂർണ ഓട്ടോമാറ്റിക് സ്മാർട്ട് ലബോറട്ടറി, അത്യാധുനിക ക്യാന്‍സർ ചികിത്സാ കേന്ദ്രം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃർ അറിയിച്ചു.
ആലപ്പുഴ: ചേർത്തലയിൽ 35 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. തിരുവല്ല സ്വദേശി റോഷൻ, ചങ്ങനാശേരി സ്വദേശി ഷാരോൺ എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഇരുവരും ലഹരിയിലായിരുന്നു. റോഷനെതിരെ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകളുണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.