ഹരിയാനയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിജെപിയിൽ ചേർന്നു

By Web TeamFirst Published Sep 7, 2019, 5:17 PM IST
Highlights

തെരഞ്ഞെടുപ്പ് ഒക്‌ടോബറിൽ നടക്കാനിരിക്കെയാണ് കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാവിന്റെ കൂറുമാറ്റം

ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ബരാല സ്വാഗതം ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടും കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ വിയോജിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് സുമിത്ര ചൗഹാൻ പറഞ്ഞു. സംസ്ഥാനത്ത് മനോഹർ ലാൽ ഖട്ടാറിന്റെ ഭരണത്തിൽ സന്തുഷ്‌ടയാണെന്നും അവർ വ്യക്തമാക്കി. 

സംസ്ഥാനത്തുള്ള ഉൾപ്പാർട്ടി പോരിന് അവസാനം കാണാൻ കഴിഞ്ഞ ദിവസമാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന കുമാരി സെൽജയ്ക്കാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നൽകിയത്. 

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ നിയമസഭയിൽ പാർലമെന്ററി പാർട്ടി നേതാവായും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്‌സണായും ചുമതല നൽകിയിരുന്നു. അടുത്ത മാസം ഹരിയാനയിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും.

click me!