
ദില്ലി: കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കങ്ങൾ തള്ളി കർഷകർ സമരത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ പ്രഖ്യാപനം. താങ്ങുവില സമ്പ്രദായം റദ്ദാക്കില്ലെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള ഉറപ്പ് കർഷകർ നിരസിക്കുകയും വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മിനിമം താങ്ങുവില കർഷകർക്ക് ഉറപ്പാക്കണമെന്ന് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ രേഖാമൂലമുള്ള നിർദേശങ്ങളിൽ എംഎസ്പികൾക്കുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു.
താൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നതിന് പ്രവർത്തിക്കും. വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ജനായക് ജനതാ പാർട്ടി നേതാവാണ് ദുഷ്യന്ത് ചൗട്ടാല. ജെജെപി ബിജെപിയുമായി ചേർന്നാണ് ഹരിയാനയിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam