ഹരിയാന മന്ത്രിസഭയിലെ വകുപ്പുമാറ്റം; മുഖ്യമന്ത്രിയാണ് പരമാധികാരിയെന്ന് ആഭ്യന്തരമന്ത്രി

By Web TeamFirst Published Jan 23, 2020, 7:48 PM IST
Highlights

തനിക്കും മുഖ്യമന്ത്രിക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം തന്‍റെ നല്ല സുഹൃത്തായിരുന്നുവെന്നും...

ദില്ലി: ഹരിയാനയില്‍ ആഭ്യന്തമന്ത്രിയില്‍ നിന്ന് വകുപ്പുകള്‍ പിടിച്ചെടുത്ത നടപടിയില്‍ പ്രതികരിച്ച് അനില്‍ വിജ്. ആഭ്യന്തരമന്ത്രിയായ അനില്‍ വിജില്‍ നിന്ന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അഥവാ സിഐഡി വകുപ്പ് എടുത്ത് മാറ്റിയിരുന്നു. ഈ വകുപ്പിന്‍റെ ചുമതല കൂടി മുഖ്യമന്ത്രി മനോഹര്‍ ലാല് ഖട്ടറിനാണ്. ഇതോടെ മുഖ്യമന്ത്രിയാണ് സംസ്ഥാനത്തിന്‍റെ പരമാധികാരിയെന്നും ഏത് വകുപ്പും വിഭജിക്കാനും ഏറ്റെടുക്കാനും അദ്ദേഹത്തിന് അവകാശമുണ്ടെന്നും ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. 

തനിക്കും മുഖ്യമന്ത്രിക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം തന്‍റെ നല്ല സുഹൃത്തായിരുന്നുവെന്നും അനില്‍ വിജ് പറഞ്ഞിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വകുപ്പ് എടുത്തുമാറ്റിയത്. '' ഇന്ന് ആദ്യമായാണ് സൂപറിന്‍റന്‍റ് റാങ്കുള്ള പൊലീസ് ഓഫീസര്‍ എനിക്ക് വിവരങ്ങള്‍ നല്‍കുന്നത്. ഇനി മുതല്‍ എന്നും അദ്ദേഹമായിരിക്കും എനിക്ക് വിവരങ്ങള്‍ നല്‍കുന്നത്. ''

അനില്‍ വിജിനെ ആഭ്യന്തരമന്ത്രിയാക്കിയതില്‍ പ്രാദേശിക നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പലരും ഈ നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അനില്‍ വിജ്. ഇതാണ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടാകാന്‍ കാരണമെന്നാണ് കരുതുന്നത്. 

click me!