
ദില്ലി: ഹരിയാന , ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ.ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.
ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍. ഹരിയാന കശ്മീര്‍ ഫലങ്ങള്‍ ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരു പോലെ നിര്‍ണ്ണായകം. രണ്ടിടങ്ങളിലും 90 വീതം നിയമസഭ സീറ്റുകള്‍. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞടെുപ്പില്‍ 63.45 ശതമാനവും പോളിംഗും രേഖപ്പെടുത്തി. നാളെ രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയും.
ഹരിയാനയില് കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്സിറ്റ് പോള‍് പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹുഡ ദില്ലിയിലെത്തി എഐസിസി നേതൃത്വത്തെ കണ്ടു. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളും പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് മുന്നിലുണ്ട്. പത്ത് വര്‍ഷത്തിനിപ്പുറം തെരഞ്ഞടെുപ്പ് നടന്ന കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് മുന്നേറ്റം പ്രതീക്ഷിക്കപ്പെടുന്നു. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പിഡിപിയെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂക്ക് അബ്ദുള്ള ക്ഷണിച്ചു കഴിഞ്ഞു. തൂക്ക് സഭക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്മാരുടെ നിലപാടും, അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലഫ് ഗവര്‍ണ്ണറുടെ സവിശേഷാധികാരവുമൊക്കെ നിര്‍ണ്ണായക ഘടകങ്ങളാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam