ദില്ലി: ഏറെ നാടകീയതകളും അനിശ്ചിതത്വവും നിറഞ്ഞ ഒരു രാപ്പകലിനൊടുവിൽ ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് പുലർച്ചെയോടെ ലഖ്‍നൗവിലെത്തിച്ചു. രാവിലെയോടെ എത്തിയ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും അകമ്പടിയോടെയാണ് ഇവരെ ലഖ്‍നൗവിലെത്തിച്ചത്. ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാൽ, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെത്തുടർന്നാണ് രാവിലേക്ക് യാത്ര മാറ്റിയത്.
പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് പുലർച്ചെ പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും. കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ സ്വമേധയാ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് എന്താണ് പറയാനുള്ളത് എന്നത് കോടതി നേരിട്ട് കേൾക്കും. അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ അന്വേഷണ പുരോഗതി എസ്ഐടി സംഘം കോടതിയെ അറിയിച്ചേക്കും.
കേസില്‍ സിബിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കുടുംബത്തിന്‍റെ പരാതിയിലും, സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനോടകം നടന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പ്രത്യേക സംഘം സിബിഐക്ക് കൈമാറിയിട്ടുമുണ്ട്.
ഇതിനിടെ, ഹാഥ്റസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെയുഡബ്ല്യുജെ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സിദ്ദിഖ് കാപ്പനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തത്, ഉടൻ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.
സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ ശേഷമാണ് ഉത്തർപ്രദേശ് പൊലീസ് യുഎപിഎ അടക്കം ചുമത്തി കേസെടുത്തതെന്നും കെയുഡബ്ല്യുജെ സുപ്രീംകോടതിയെ അറിയിക്കും.
ഇതിനിടെ സിദ്ദിഖ് കാപ്പനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. വിദേശസഹായം കൈപ്പറ്റിയെന്ന കുറ്റാരോപണത്തോടെയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.
Read more at: അവളുടെ വേദനയില്‍ വിറങ്ങലിച്ച് ; ഹാഥ്റസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam