'യോഗിസർക്കാരിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന'; യുപി പൊലിസിന്റെ പുതിയ എഫ്‌ഐആർ

Published : Oct 05, 2020, 04:20 PM ISTUpdated : Oct 05, 2020, 04:27 PM IST
'യോഗിസർക്കാരിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന'; യുപി പൊലിസിന്റെ പുതിയ എഫ്‌ഐആർ

Synopsis

ഹാഥ്റസിൽ നടന്നുകൊണ്ടിരിക്കുന്നത്, രണ്ടു ജാതിക്കാർക്കിടയിൽ സ്പർദ്ധ ജനിപ്പിച്ച്, സാമുദായിക ലഹളയുണ്ടാക്കി യോഗി ആദിത്യനാഥ് ഗവണ്മെന്റിന്റെ സൽപ്പേരിനു കളങ്കം ചാർത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് എന്നാണ് ഈ എഫ്‌ഐആറിൽ പറഞ്ഞിട്ടുള്ള ആക്ഷേപം. 

ഹാഥ്റസ് വിഷയത്തിൽ ഉത്തർപ്രദേശ് പൊലീസിന്റെ ഭാഗത്തുനിന്ന് ഏറ്റവും പുതിയതായി ഒരു എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുകയാണ്. ഹാഥ്റസിൽ നടന്നുകൊണ്ടിരിക്കുന്നത്, രണ്ടു ജാതിക്കാർക്കിടയിൽ സ്പർദ്ധ ജനിപ്പിച്ച്, അതിന്റെ പേരിൽ സാമുദായിക ലഹളയുണ്ടാക്കി യോഗി ആദിത്യനാഥ് ഗവണ്മെന്റിന്റെ സൽപ്പേരിനു കളങ്കം ചാർത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് എന്നാണ് ഈ എഫ്‌ഐആറിൽ പറഞ്ഞിട്ടുള്ള ആക്ഷേപം. പത്തൊമ്പതുകാരിയായ ദളിത് പെൺകുട്ടിക്ക് നേരെ നടന്നിട്ടുള്ള ഈ അതിക്രമത്തെ, അതിക്രൂരമായ ആ കൊലപാതകത്തെ, കൂട്ടബലാത്സംഗത്തെ ഒക്കെ യോഗി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ച് എന്നപേരിൽ പേരറിയാത്ത ചിലർക്കെതിരെയാണ് ഈ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടിട്ടുള്ളത്.

 justiceforhathrasvictim.carrd.co - എന്നൊരു വെബ്സൈറ്റിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ഈ ആക്ഷേപം ഉയർന്നുവന്നിട്ടുള്ളത്. ഈ വെബ്‌സൈറ്റ് വളരെ ആസൂത്രിതമായി പൊലീസിനും ജില്ലാഭരണകൂടത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുന്നു എന്നാണ് ആക്ഷേപം. പൊലീസിന്റെ കണ്ണിൽ പെടാതെ വളരെ സേഫായി എങ്ങനെ പ്രതിഷേധിക്കാം, ടിയർഗ്യാസിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നൊക്കെയുള്ള വിവരങ്ങളാണത്രെ ഈ വെബ്‌സൈറ്റിൽ ഉള്ളത്. ഈ വെബ്സൈറ്റിനെ ആണ് ഗൂഢാലോചനയുടെ പ്രഭവകേന്ദ്രമായി എഫ്‌ഐആറിൽ യുപി പൊലീസ് പറയുന്നത്. ഈ വെബ്‌സൈറ്റിൽ ഇപ്പോൾ അമേരിക്കയിൽ കലാപമുണ്ടാക്കുന്ന പല 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' - BLM - വെബ്‌സൈറ്റുകളിൽ നിന്നുമുള്ള വിവരങ്ങൾ ഉണ്ടെന്നും പൊലീസ് പറയുന്നു. ചാന്ദ്പാ പൊലീസ് സ്റ്റേഷനിൽ ആണ് ഇങ്ങനെ ഒരു എഫ്‌ഐആർ ഇട്ടിട്ടുള്ളത് എന്നുള്ള സ്ഥിരീകരണം വന്നിട്ടുണ്ട്. 

"

ഐപിസി സെക്ഷൻ 109 - പ്രകോപനം സൃഷ്ടിക്കൽ , 120 ബി - ക്രിമിനൽ ഗൂഢാലോചന, 124 A - ദേശദ്രോഹം, 153 A - മതസ്പർദ്ധ വളർത്തൽ, 420 എന്നീ സുപ്രധാന വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ ഐടി ആക്ടിലെ പ്രസക്തമായ വകുപ്പുകളും ചുമത്തപ്പെട്ടിട്ടുണ്ട്. 

"സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്തവരാണ് ജാതിസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നത്. അവരുടെ ഉദ്ദേശ്യം നാട്ടിൽ കലാപമുണ്ടാക്കി നാടിന്റെ വികസനം തടയുക എന്നതുമാത്രമാണ് " എന്നാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നാട്ടിൽ കൊവിഡ് പടർന്നു പിടിക്കുന്നതിന്റെ ഇടയിലും താൻ മുൻകൈ എടുത്തു നടത്തിയ വികസനപ്രവർത്തനങ്ങളിൽ കണ്ണുകടിയുള്ളവരുടെ ഗൂഢാലോചനകളാണ് പലതുമെന്നും അദ്ദേഹം പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്