
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ഒരു വ്യക്തി, ഒരു കുട്ടിയെ നഗ്നശരീരം കാണിക്കുമ്പോൾ, അത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ 12-ാം വകുപ്പിലെ സെക്ഷൻ 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികൾ നഗ്നരായ ശേഷം, മുറി പൂട്ടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ മുറിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനാൽ, പരാതിക്കാർക്കെതിരെ, പോക്‌സോ നിയമത്തിൻ്റെ 12-ാം വകുപ്പ് 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുമായി കുട്ടി കാൺകെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച ശേഷം പ്രതികൾ ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് ആക്ഷേപം. മുറി പൂട്ടാത്തതിനാൽ സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രായപൂർത്തിയാകാത്ത ആൺകുട്ടി കണ്ടു. തുടർന്ന് കുട്ടിയെ രണ്ടാം പ്രതി കഴുത്തിൽ പിടിച്ച് തള്ളുകയും കവിളിൽ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
സെക്ഷൻ 75, 294 (ബി), 341, 323, 34 എന്നിവ പ്രകാരം രണ്ടാം പ്രതി ശിക്ഷാർഹനാണെന്നും കുട്ടികളോടുള്ള ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ഓഫ് ചിൽഡ്രൻ ആക്റ്റ്, സെക്ഷൻ 11 (ലൈംഗിക പീഡനം), പോക്‌സോ നിയമത്തിലെ 12 (ലൈംഗിക പീഡനത്തിനുള്ള ശിക്ഷ) എന്നിവയും നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനും അമ്മയും നഗ്നരായ ശേഷം മുറി പൂട്ടുക പോലും ചെയ്യാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കോടതി കണ്ടെക്കി. മുറി പൂട്ടിയിട്ടില്ലാത്തതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടി മുറിയിൽ കയറിയതാണ് പ്രവൃത്തി കാണാൻ ഇടയാക്കിയതെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam