ഷിൻഡെയെ കടത്തിവെട്ടി താക്കറെ വിഭാ​ഗത്തിന് ജയം; ദസറ റാലി ശിവാജി പാർക്കിൽ തന്നെ, കോടതി വിധിച്ചു

Published : Sep 23, 2022, 10:02 PM ISTUpdated : Sep 23, 2022, 10:03 PM IST
 ഷിൻഡെയെ കടത്തിവെട്ടി താക്കറെ വിഭാ​ഗത്തിന് ജയം; ദസറ റാലി ശിവാജി പാർക്കിൽ തന്നെ, കോടതി വിധിച്ചു

Synopsis

ഈ ആവശ്യത്തിന്റെ മറവിൽ താക്കറെ വിഭാ​ഗം പാർട്ടിയിലുള്ള അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണെന്ന് ഷിൻഡെ വിഭാ​ഗം ആരോപിച്ചു. കോടതി വിധിയെ സ്വാ​ഗതം ചെയ്ത താക്കറെ വിഭാ​ഗം ജുഡീഷ്യൽ സംവിധാനത്തിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ചു. 

മുംബൈ:  ദസറ റാലി മുംബൈ ശിവാജി പാർക്കിൽ നടത്താനുള്ള ഉദ്ദവ് താക്കറെ വിഭാ​ഗത്തിന്റെ നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് പച്ചക്കൊടി. ശിവസേന അധികാരത്തർക്കം സംബന്ധിച്ച് തീരുമാനമാകും വരെ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കരുതെന്ന ഏക്നാഥ് ഷിൻഡെ വിഭാ​ഗത്തിന്റെ ആവശ്യം കോടതി തള്ളി. 

ശിവാജി പാർക്കിൽ ദസറ റാലി നടത്താനുള്ള ഇരുവിഭാ​ഗത്തിന്റെയും നീക്കത്തിന് ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് താക്കറെ വിഭാ​ഗം കോടതിയെ സമീപിച്ചത്. ഇരുവിഭാ​ഗവും ഒന്നിച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലിക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്. രണ്ടിലൊരു വിഭാ​ഗത്തിന് അനുമതി നൽകിയാലും പ്രശ്നം ഉണ്ടാകുമെന്നും കോർപ്പറേഷൻ വിലയിരുത്തിയിരുന്നു. എന്നാൽ, കോർപ്പറേഷന്റെ ഉത്തരവ് നിയമത്തെ ദുരുപയോ​ഗം ചെയ്യലാണെന്ന് കോടതി പറഞ്ഞു. 

ഈ ആവശ്യത്തിന്റെ മറവിൽ താക്കറെ വിഭാ​ഗം പാർട്ടിയിലുള്ള അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണെന്ന് ഷിൻഡെ വിഭാ​ഗം ആരോപിച്ചു. കോടതി വിധിയെ സ്വാ​ഗതം ചെയ്ത താക്കറെ വിഭാ​ഗം ജുഡീഷ്യൽ സംവിധാനത്തിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ചു. ഇക്കുറി ദസറ റാലി വിപുലമായി നടത്തുമെന്നും താക്കറെ വിഭാ​ഗം വക്താവ് മനീഷ കയാന്തെ പറഞ്ഞു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാ​ഗത്തിന് ബാന്ദ്ര കുർള കോംപ്ലക്സ് ​ഗ്രൗണ്ടിലാണ് ദസറ റാലി നടത്താൻ അനുമതി. 

56 വർഷമായി ശിവാജി പാർക്കിൽ റാലി നടന്നുവരുന്നതാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം അത് മുടങ്ങി.  ഉദ്ദവിന്റെ പിതാവും പാർട്ടി സ്ഥാപകനുമായ ബാൽ താക്കറെയുടെ തീപ്പൊരി പ്രസം​ഗങ്ങൾക്ക് വേദിയായ സ്ഥലമാണ് ശിവാജി പാർക്ക്. അതേസ‌മയം, ഷിൻഡെ വിഭാ​ഗം അവകാശപ്പെടുന്നത് അവരാണ് യ‌ഥാർത്ഥ ശിവസേനയെന്നാണ്. ഹിന്ദുത്വയും മറാഠി സ്വാഭിമാനവും ഉയർത്തിപ്പിടിക്കുന്ന, ബാൽതാക്കറെയുടെ യഥാർത്ഥ പാർട്ടി പിൻ​ഗാമികൾ തങ്ങളാണെന്നാണ് അവർ അവകാശപ്പെടുന്നത്. പാർട്ടി പിളർപ്പിനു ശേഷമെത്തുന്ന ആദ്യ ദസറയെന്ന നിലയിൽ ഇക്കുറി ഏറെ പ്രത്യേകതയുണ്ട്. ശിവസേന പിളർത്തി ബിജെപിക്കൊപ്പം ഭരണം നടത്തുകയാണ് ഏക്നാഥ് ഷിൻഡെ വിഭാ​ഗം. 

Read Also: അങ്കിത ഭണ്ഡാരി കേസ്; ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർ പ്രതികൾ, കൊല ഇം​ഗിതത്തിന് വഴങ്ങാഞ്ഞ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിജെപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ? സമര വിജയത്തിന് ശേഷം ബദൽ ശക്തിയായി ഇടപെടാൻ നിലവിൽ ആലോചന
വിജയ്ക്ക് പിന്നാലെ ധനുഷും? ആൾക്കൂട്ടം മാത്രമാകാതെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകർക്ക് നിർദ്ദേശം