Latest Videos

മാധ്യമസ്ഥാപനങ്ങൾക്കെതിരെ 'നിരോധന' ഉത്തരവ് നേടിയെടുത്ത് ദേവഗൗഡയും കുമാരസ്വാമിയും

By Web TeamFirst Published May 6, 2024, 5:22 PM IST
Highlights

ബെംഗളുരു സെഷൻസ് കോടതിയാണ് ഹർജി അനുവദിച്ച് ഉത്തരവിട്ടത്. എന്ത് ആരോപണം പ്രസിദ്ധീകരിക്കാനും കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്. 

ബെംഗളൂരു:പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ മാധ്യമങ്ങൾ തന്‍റെയോ മകൻ കുമാരസ്വാമിയുടെയോ പേര് പരാമർശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയിൽ നിന്ന് വാങ്ങിയെടുത്ത് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകൾ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ബെംഗളുരു സെഷൻസ് കോടതിയാണ് ഹർജി അനുവദിച്ച് ഉത്തരവിട്ടത്. ഇതിനിടെ, പ്രജ്വലിനെതിരായ കേസുകളിൽ പരാതി നൽകാൻ ഇരകൾക്കായി കർണാടക പൊലീസ് ഹെൽപ് ലൈൻ തുറന്നു. 


ഗൂഗിൾ, മെറ്റ, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ, മറ്റ് 86 മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് എതിരെയാണ് ദേവഗൗഡയും കുമാരസ്വാമിയും നിരോധന ഉത്തരവ് വാങ്ങിയെടുത്തിരിക്കുന്നത്. ഇതോടെ ഫലത്തിൽ പ്രജ്വൽ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഒരു മാധ്യമങ്ങൾക്കും വ്യക്തികൾക്കും ഇരുവർക്കുമെതിരെയുള്ള ഒരു പരാമർശവും റിപ്പോർട്ട് ചെയ്യാനാകില്ല. ആരോപണങ്ങളോ, ഇവർക്കെതിരെയുള്ള പരാമർശങ്ങളോ പ്രസിദ്ധീകരിക്കുകയാണെങ്കിൽ കൂടെ തെളിവുകളുണ്ടാകണം എന്നും ഉത്തരവിലുണ്ട്.

സമാനമായ ഉത്തരവാണ് കഴിഞ്ഞ വർഷം പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വരുമെന്നായപ്പോൾ കോടതിയെ സമീപിച്ച് നേടിയെടുത്തത്. ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ട രേവണ്ണയെ പ്രത്യേകാന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തു. നാളെ കർണാടകയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, വോട്ടെടുപ്പ് സമയം കഴിഞ്ഞ ശേഷമേ പ്രജ്വൽ നാട്ടിലെത്തൂ എന്നാണ് സൂചന.

പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞെങ്കിലും സിബിഐ ഇക്കാര്യം ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ പ്രജ്വലിനെതിരെ പരാതി നൽകാൻ ഇരകൾക്കായി കർണാടക പൊലീസ് ഹെൽപ് ലൈൻ തുറന്നു. ലൈംഗികാതിക്രമദൃശ്യങ്ങൾ പരിശോധിച്ചതിൽ നൂറോളം സ്ത്രീകൾ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പൊലീസ് ഹെൽപ് ലൈൻ തുറന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിൽത്തന്നെ ഒരു വ്യക്തിക്കെതിരെ ലൈംഗികാതിക്രമക്കേസ് ഫയൽ ചെയ്യാൻ ഹെൽപ് ലൈൻ തുറക്കുന്നത് ഇതാദ്യമാണ്.


പ്രജ്വലിന്‍റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ കേസ്

 

click me!