
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. അവൻ ചെയ്ത ക്രൂരതയ്ക്കുള്ള ശിക്ഷയാണ് ലഭിച്ചതെന്നും അവസാനമായി ഒരു നോക്ക് കാണാൻ പോലും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. ഔദ്യോഗിക നടപടി ക്രമങ്ങളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ പറഞ്ഞു.
"എന്റെ മകൻ ചെയ്ത തെറ്റിന് അവൻ ശിക്ഷിക്കപ്പെട്ടു. അവന്റെ മൃതദേഹം ഞാൻ സ്വീകരിക്കില്ല, വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ നല്ലതൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു. അവനെ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ, എനിക്ക് യാതൊരു എതിർപ്പുമില്ല"- സന്ധ്യ മൊണ്ടാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മകന്റെ മരണ വിവരം അറിയിക്കാൻ രണ്ട് പോലീസുകാർ വീട്ടിലെത്തിയപ്പോൾ ആശുപത്രിയിലേക്ക് പോകാൻ പോലും ഇവർ വിസമ്മതിച്ചു. രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും അവർ വ്യക്തമാക്കി.
കൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് പ്രഭാസ് മൊണ്ടാൽ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മറ്റ് രണ്ടു പേരുമായി ചേർന്ന് ഇയാൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പീഡനത്തിന് ശേഷം പെൺകുട്ടിയെ ജീവനോടെ ചാക്കിൽ കെട്ടി കുളത്തിലേക്കിടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെടുത്തത്. നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസിന് കൈമാറിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam